പോത്തന്‍കോടിനായി പ്രത്യേക പ്ലാന്‍; നിരീക്ഷണവും പരിശോധനയും ശക്തം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം കൊവിഡ് മരണം നടന്ന പോത്തന്‍കോട് പൂര്‍ണമായ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ പ്രത്യേക പ്ലാന്‍ നടപ്പാക്കും.
വൈറസ് വ്യാപനം തടയുന്നതിനാകും ഇതില്‍ മുന്‍ഗണന നല്‍കുക. നിരീക്ഷണങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കാനും ഇന്നലെ ചേര്‍ന്ന ജില്ലാ തല അവലോകന യോഗത്തില്‍ തീരുമാനമായി.
പോത്തന്‍കോട് പഞ്ചായത്തിലും അതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പോത്തന്‍കോട്, മോഹനപുരം, കൊയ്ത്തൂര്‍ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം, മാണിക്കല്‍ പഞ്ചായത്തുകളിലെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.ഹോം ക്വാറന്റൈന്‍ പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രദേശത്തെ എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു തഹസീല്‍ദാറെ ചുമതലപ്പെടുത്തിയെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മേഖലയിലെ എല്ലാ ആളുകളും അവരവരുടെ വീടുകളില്‍ തന്നെ കഴിയണം. പൊതുസ്ഥലങ്ങള്‍ അണു മുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. കുടുംബശ്രീയുടെ സഹായത്തോടെ റേഷന്‍ അരി വീടുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചു.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. കൂടുതല്‍ പേര്‍ക്ക് രോഗ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."