സ്വകാര്യ ബസുകളോട് കലക്ടര്‍: വിദ്യാര്‍ഥികള്‍ക്കു സീറ്റ് നല്‍കണം; വരിനിര്‍ത്തരുത്!
മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോടു വിവേചനം പാടില്ലെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ക്കു ബസില്‍ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതാതു സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുതന്നെ യാത്രാ പാസ് ആയി ഉപയോഗിക്കാം.
മറ്റു സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ ഒപ്പുവച്ച യാത്രാ പാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് 7.30ന് ക്ലാസ് തുടങ്ങുന്നതിനാല്‍ അവര്‍ക്കു രാവിലെ ആറു മുതല്‍ പാസ് അനുവദിക്കണം.
40 കിലോമീറ്റര്‍ വരെയാണ് സൗജന്യ യാത്രയ്ക്ക് അവകാശമുള്ളത്. അവധി ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അവകാശമുണ്ട്.
അതേസമയം, ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്ന പാസുകള്‍ ആയിരത്തില്‍ താഴെയാണെന്നു ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി പാസ് വിതരണത്തെക്കുറിച്ചു പഠിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."