യു.പിയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ക്രൂരവിനോദം വിവാദമാകുന്നു
ലഖ്നൗ: 70ഓളം പെണ്‍കുട്ടികളെ നഗ്നരാക്കി സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ ഹോസ്റ്റല്‍ വാര്ഡന് നടത്തിയ ആര്‍ത്തവ പരിശോധന വിവാദമാകുന്നു. മുസഫര്‍നഗറിലെ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം.
കസ്തൂര്‍ഭാ ഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന സ്ഥാപനത്തിലാണ് പ്രിന്‍സിപ്പല്‍ സുരേഖ തോമറിന്റെ ക്രൂരവിനോദം അരങ്ങേറിയത്. സ്കൂളിലെ ബാത്ത്റൂമില്‍ ചോര കണ്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ വിളിച്ചുചേര്‍ക്കുകയും ആര്‍ത്തവമുള്ളവരെ കണ്ടെത്താനായി തങ്ങളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പറഞ്ഞ പോലെ ചെയ്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വാര്ഡന് കുട്ടികളെ ഭീഷണിപ്പെടുത്തിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസര്‍ ചന്ദര്‍ കേശവ് യാദവ് പറഞ്ഞു.
എന്നാല്‍, കുട്ടികള്‍ പരാതിപ്പെട്ട പോലെ ഒന്നും സ്കൂളില്‍ സംഭവിച്ചിട്ടില്ലെന്നും ബാത്ത്റൂമിന്റെ ചുമരിലും നിലത്തും രക്തം കണ്ടതിനെ തുടര്‍ന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ചതാണെന്നും അവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ പ്രിന്‍സിപ്പലിനും സ്കൂളിനുമെതിരേ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സ്ഥാപനാധികൃതര്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ യു.പി ഊര്‍ജ മന്ത്രി ശ്രീകാന്ത് ശര്‍മ അപലപിച്ചു. പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."