ഭരണഘടനാസ്ഥാപനങ്ങളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുന്നു: പിണറായി
തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും കടുത്ത ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുകയാണ് മോദിസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ ഉള്ളടക്കം നശിപ്പിക്കാനാണ് ഇതിലൂടെ ബി.ജെ.പിയുടെ നീക്കം. ബി.ടി.ആര്‍ ഭവനില്‍ എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി.എ.ഒ.ഐ) അഞ്ചാം സോണല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ നിയമനത്തെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.
കാലാകാലങ്ങളില്‍ ആര്‍.എസ്.എസ് സ്വീകരിക്കുന്ന വര്‍ഗീയ നയങ്ങളാണ് ഇപ്പോള്‍ കേന്ദ്രഭരണാധികാരികള്‍ നടപ്പാക്കുന്നത്. യുക്തി ചിന്തയെയും ശാസ്ത്രബോധത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ അന്ധവിശ്വാസത്തെ ഔദ്യോഗികമായി പ്രചരിപ്പിക്കുകയാണ്. സംഘ്പരിവാറിന് അനുകൂലമായി ചരിത്രത്തെ തിരുത്തിയെഴുതാനും നീക്കം നടക്കുന്നു. ജനങ്ങളുടെ ചിന്താപ്രക്രിയയെ തന്നെ വര്‍ഗീയവല്‍ക്കരിക്കുകയാണ്.
സമസ്ത മേഖലയിലും വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ്. ഇന്‍ഷുറന്‍സ് മേഖല മുതല്‍ ചില്ലറവില്‍പന മേഖല വരെ ഇതിന്റെ ഭീഷണിയിലാണ്. ലാഭത്തിലുള്ള ഇന്‍ഷുറന്‍സ് മേഖലയെ തകര്‍ത്ത് സ്വകാര്യവിദേശ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനത്തെ എല്‍.ഐ.സി ഏജന്റുമാരെ അസംഘടിത മേഖലയില്‍ ഉള്‍പ്പെടുത്തി ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.
ഹിന്ദുരാഷ്ട്രനിര്‍മാണം ലക്ഷ്യം വച്ചുള്ള വര്‍ഗീയ നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ഭരണാധികാരികള്‍ക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 700 ഓളം സാമുദായിക സംഘര്‍ഷങ്ങളാണ് രാജ്യത്തുണ്ടായത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,321 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശുവിന്റെ പേരില്‍ 30 പേരെയാണ് കൊലചെയ്തത്. ഒരുവശത്ത് ആക്രമണോത്സുകമായ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ മറുവശത്ത് ഒരു മറയുമില്ലാതെ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍.ഐ.സി.എ.ഒ.ഐ സൗത്ത് സോണ്‍ പ്രസിഡന്റ് എ.വി ബെല്ലാര്‍മിന്‍ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, എല്‍.ഐ.സി.എ.ഒ.ഐ വര്‍ക്കിങ് പ്രസിഡന്റ് എ. സമ്പത്ത് എം.പി, വൈസ് പ്രസിഡന്റ് എസ്.എസ് പോറ്റി, സൗത്ത് സോണ്‍ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, എം. സെല്‍വരാജ്, സി. കൃഷ്ണന്‍കുട്ടി, എം.കെ മോഹനന്‍, കെ.പി സഹദേവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."