നിയമസഭാ തെരഞ്ഞെടുപ്പ്; ഹൈക്കോടതിയില്‍ 10 ഹരജികള്‍ സമര്‍പ്പിച്ചു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ 10 ഹരജികള്‍കൂടി സമര്‍പ്പിച്ചു. കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍, കെ.സി ജോസഫ് തുടങ്ങിയവരുള്‍പ്പെടെ 10 പേരുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജികളാണ് ഹൈക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്.
കെ.എം മാണിക്കെതിരേ രണ്ടു ഹരജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. എല്‍.ഡി.എഫിലെ എതിര്‍സ്ഥാനാര്‍ഥി മാണി സി.കാപ്പനും വോട്ടറായ കെ.സി ചാണ്ടിയുമാണ് ഹരജികള്‍ നല്‍കിയത്. വൈദ്യുതി, വീട്ടുവാടകയിനങ്ങളില്‍ കുടിശ്ശികയില്ലെന്ന് സേവനദാതാക്കള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം മാണി സമര്‍പ്പിച്ചില്ലെന്നാണു മാണി സി.കാപ്പന്റെ ആരോപണം.
പി.കെ കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍, കെ.സി ജോസഫ് എന്നിവര്‍ സ്വത്തുവിവരം മറച്ചുവച്ച് പത്രിക നല്‍കിയെന്നാണ് പരാതി. കുഞ്ഞാലിക്കുട്ടിക്കെതിരേ വേങ്ങര സ്വദേശി മുജീബും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനെതിരേ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന പി.ജി ശിവകുമാറും ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരേ സ്വതന്ത്രന്‍ എ.കെ ഷാജിയുമാണ് ഹരജി നല്‍കിയത്.
അഴീക്കോട് നിന്നു ജയിച്ച കെ.എം ഷാജിക്കെതിരേ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാറാണ് ഹരജി സമര്‍പ്പിച്ചത്. ഇസ്‌ലാംമത വിശ്വാസിയല്ലാത്തയാള്‍ക്ക് വോട്ടുചെയ്യരുതെന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് ഹരജിയില്‍ പറയുന്നത്.
കരുനാഗപ്പള്ളിയില്‍ വിജയിച്ച ഇടതുസ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രനെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷാണ് ഹരജി നല്‍കിയത്. പീഡനക്കേസിലെ പ്രതികളെ താന്‍ രക്ഷിച്ചുവെന്ന് കള്ളപ്രചാരണം നടത്തിയെന്നാണ് മഹേഷിന്റെ പരാതി. കൊടുവള്ളിയില്‍ കാരാട്ട് അബ്ദുള്‍ റസാഖ് എം.എല്‍.എയ്‌ക്കെതിരേ വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി എന്നിവരാണ് ഹരജി നല്‍കിയത്. ലീഗിന്റെ സ്ഥാനാര്‍ഥി എം.എ റസാഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ആക്ഷേപം.
മങ്കടയില്‍ തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തയെന്ന പേരില്‍ തെരഞ്ഞെടുപ്പു ബുള്ളറ്റിന്‍ ഇറക്കിയെന്നാരോപിച്ച് ടി.എ അഹമ്മദ് കബീറിനെതിരേ ഇടതു സ്ഥാനാര്‍ഥി അഡ്വ.ടി.കെ റഷീദലി ഹരജി നല്‍കി.
വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയ്ക്കു വേണ്ടി കെ.സി.ബി.സിയുടെ പേരില്‍ നോട്ടീസിറക്കിയെന്നും കേടായ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം പാലിക്കാതെ മറ്റൊരു യന്ത്രത്തിലേക്കു മാറ്റിയെണ്ണിയെന്നും ചൂണ്ടിക്കാട്ടി ഇടതുസ്ഥാനാര്‍ഥി മേരി തോമസാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."