ഫോട്ടോ എടുക്കണോ? സഹായിക്കണോ? കോഴിക്കോട്ടെ മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്നപ്പോള്‍ വിരിഞ്ഞ മനോഹര ദൃശ്യം പറയും, അത് രണ്ടും സാധ്യമെന്ന്
ആയിരത്തിലൊരു നിമിഷം! അവിടെയാണ് മനോഹരമായൊരു ചിത്രം പിറക്കുന്നത്. ആ നിമിഷത്തില്‍ ചിത്രമെടുക്കാന്‍ ക്യാമറ ഉയര്‍ത്തണോ? അതോ ഫ്രെയിമിലുള്ളവരെ സഹായിക്കാന്‍ ഇറങ്ങണോ? കെവിന്‍ കാര്‍ട്ടറിന്റെ വിഖ്യാതമായ വിശക്കുന്ന കുട്ടിയും കഴുകനും ചിത്രമെടുപ്പു മുതല്‍ ഉയരുന്ന ചോദ്യമാണിത്. ആ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ സംവാദ വിഷയമായി തുടര്‍ന്നുപോരുന്നു.
എന്നാല്‍ ഇതു രണ്ടും ഒരേ സമയത്ത് ചെയ്തിരിക്കുകയാണ് കോഴിക്കോട്ടെ മൂന്ന് പത്ര ഫോട്ടോഗ്രാഫര്‍മാര്‍. കൊറോണക്കാലത്ത് അടച്ചിട്ട നഗരത്തില്‍ നിന്ന് പിറന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കൊവിഡ് ലോക്ഡൗണ്‍ ചിത്രങ്ങളെടുക്കാന്‍ വേണ്ടി കോഴിക്കോട് ബീച്ചിലെത്തിയ 'സുപ്രഭാതം' ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണനാണ് ഈ ക്ലിക്കിനുടമ. കൂടെയുണ്ടായിരുന്ന ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ബിനുരാജും ഇന്ത്യന്‍ എക്‌സ്പ്രസിലെ മനു മാവേലിലുമാണ് ഫ്രെയിമിലുള്ളത്.
തന്റെ മുച്ചക്ക്ര സ്‌കൂട്ടറുമായി വഴിയിലായിപ്പോയ ഒരു ഭിന്നശേഷിക്കാരനെ ബൈക്കില്‍ ഇരുവശത്തുനിന്നും കാലുകൊണ്ട് വണ്ടി തള്ളി വീടെത്താന്‍ സഹായിക്കുന്ന രംഗമാണ് ചിത്രം. ഇരു വശത്തു നിന്നും ഒരു കാല്‍ സഹായം ചെയ്യുന്നത് ബിനുരാജും മനു മാവേലിലുമാണ്. ആ നിമിഷം ക്യാമറയില്‍ ഒപ്പിയെടുത്തത് നിധീഷ് കൃഷ്ണനും.
നിധീഷ് കൃഷ്ണന്റെ വാക്കുകളിലൂടെ...
[caption id="attachment_833616" align="alignleft" width="200"] നിധീഷ് കൃഷ്ണന്‍[/caption]''പതിവു പോലെ രാവിലെ തന്നെ ഷൂട്ടിനിറങ്ങിയതാണ്. ഞങ്ങള്‍ നാല് പേരുണ്ടായിരുന്നു. ആദ്യം പ്രസ്‌ക്ലബ്ബിന്റെ അടുത്തെത്തി. അതിനുശേഷം ബീച്ച് വഴി ഒരു റൗണ്ടടിച്ചു വരാം എന്നും പറഞ്ഞ് ഇറങ്ങിയതാണ്. ഏകദേശം സൗത്ത് ബീച്ചിന്റെ അടുത്തെത്തിയിരുന്നു. ബിനുവും മനുവും മുന്നില്‍ പോകുന്നു. ഞാനും തന്‍സീറും (ചന്ദ്രിക) പിറകിലും. ആരുടെയോ വിളി കേട്ട് ബിനു നിന്നു. ബിനുവിനോട് അദ്ദേഹം പറഞ്ഞു. മരുന്ന് വാങ്ങിയിട്ട് വരുന്നതാണ് അതിനിടയില് വണ്ടിനിന്നുപോയി എന്ന്. പെട്രോള് തീര്‍ന്നതാണെങ്കില്‍ വാങ്ങിച്ചുതരാം എന്ന് പറഞ്ഞു. പക്ഷേ, പെട്രോള്‍ തീര്‍ന്നതല്ലായിരുന്നു.
പിന്നീട് നോക്കുമ്പോഴുണ്ട് അവര് രണ്ടാളും കൂടി വണ്ടി കാലുകൊണ്ട് തള്ളി നീക്കുന്നു. മനുവും ബിനുവും ആ വണ്ടിയുടെ ഇരുവശത്തും സ്വന്തം വണ്ടിയിലിരുന്ന് ടയറില്‍ കാല്‍ വച്ച് തള്ളുകയാണ്. ആ സമയത്താണ് നല്ല ഒരു ഫ്രെയിം എന്റെ മനസില്‍ മിന്നിയത്.
ആ ഫ്രെയിം കണ്ടപ്പോള്‍ വല്ലാത്തൊരു ഫീല്‍ തോന്നി. അങ്ങനെ ക്ലിക്ക് ചെയ്തതാണ്. അവരറിഞ്ഞിട്ടില്ല. ഫോട്ടോ എടുക്കുന്നതോ കൊടുക്കുന്നതോ ഒന്നും. പിറ്റേദിവസം സുപ്രഭാതം ദിനപത്രത്തില്‍ ഫോട്ടോ അച്ചടിച്ചുവന്നു. പിന്നെ ഈ ഫോട്ടോ വൈറലാവുകയായിരുന്നു.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."