സാധാരണക്കാര്‍ ചികിത്സക്കു പോലും പോവാതിരിക്കുമ്പോള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കെ. സുരേന്ദ്രന്റെ കോഴിക്കോട്- തിരുവനന്തപുരം യാത്ര
കോഴിക്കോട്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സാധാരണക്കാര്‍ ചികിത്സക്കു പോലും വീടിന് പുറത്തിറങ്ങാതിരിക്കുന്ന അവസരത്തില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര പോയിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മാര്‍ച്ച് 24 ന് കോഴിക്കോട്ടെ വസതിയിലായിരുന്ന സുരേന്ദ്രന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡി.ജി.പിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്ന അവകാശവാദവുമായി സുരേന്ദ്രന്‍ രംഗത്തെത്തി. അതേസമയം, സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്ത നങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും
മറ്റൊരു ജില്ലയിലേക്ക് പൊലിസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്.
തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലിസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നിര്‍ദേശം ബി.ജെ.പി അധ്യക്ഷന്‍ തന്നെ മറികടന്നതിനെതിരെയും വിമര്‍ശനമുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."