കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം പ്രയാസത്തിലായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടിസയച്ചു. ഈ മാസം ഏഴിന് വീണ്ടും കേസ് പരിഗണിക്കുന്നതിന് മുന്‍പായി മറുപടി സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹികപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ് എന്നിവരാണ് ഹരജി നല്‍കിയത്. അസംഘടിതരായ കുടിയേറ്റത്തൊഴിലാളികളുടെ ഭാവി സംബന്ധിച്ച് ആശങ്ക വേണ്ടതാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കുടിയേറ്റത്തൊഴിലാളികളുടെ ജോലി, ജീവിതസാഹചര്യം തുടങ്ങിയവയൊന്നും പരിഗണിക്കാതെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. പകര്‍ച്ചവ്യാധി ഭീഷണിക്കൊപ്പം തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും പ്രയാസങ്ങള്‍കൂടി സഹിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഇരകള്‍ക്കായി വിശദമായ പദ്ധതി തയാറാക്കി മാത്രമേ ദുരന്തനിവാരണ നിയമപ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളൂ. എല്ലാവര്‍ക്കും അടിസ്ഥാനസൗകര്യങ്ങളോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനം ഇക്കാര്യത്തിലുണ്ടായെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."