കൊറോണ മരുന്നു വരുന്നു; എലികളില്‍ നടത്തിയ പഠനം പ്രത്യാശ നല്‍കുന്നതെന്ന് ഗവേഷകര്‍
ലോകം പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്നത് കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ എന്നു കണ്ടെത്താനാവും എന്നാണ്. എന്നാല്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുപയോഗിച്ച് എലികളില്‍ നടത്തിയ പഠനം പ്രത്യാശ നല്‍കുന്നതാണെന്ന് അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പുതിയ കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രതികരണം വര്‍ധിപ്പിക്കുന്നതിനായി പുതിയ വാക്‌സിന് കഴിയുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.
ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) എന്നിവയ്ക്ക് കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളിലും ഇത് ഫലപ്രദമാവുകയാണെങ്കില്‍ കോവിഡ് 19ന് എതിരായ വാക്‌സിന്‍ വികസനത്തിലേക്ക് അതിവേഗം മുന്നേറാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഈ രണ്ടു വൈറസുകളും, SARS-CoV-2 വുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. വൈറസിനെതിരായ പ്രതിരോധശക്തി ഉണ്ടാക്കുന്നതിന് വേണ്ടി സ്‌പൈക്ക് പ്രോട്ടീന്‍ എന്ന ഒരു പ്രത്യേക പ്രോട്ടീന്‍ ആവശ്യമാണെന്ന് മനസ്സിലായി. പിറ്റ്‌സ്ബര്‍ഗിലെ അസോസിയേറ്റ് പ്രൊഫസറായ ആന്‍ഡ്രിയ ഗംബോട്ടോ പറയുന്നു.
ഓസ്‌ട്രേലിയയിലെ സയിന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ(സി.എസ്.ഐ.ആര്‍.ഒ) ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട് .രണ്ട് വാക്‌സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. ജൂണ്‍ മാസത്തോടെ പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം അറിയാമെന്നാണ് പ്രതീക്ഷ. പ്രീ ക്ലിനിക്കല്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതോടെയാണ് മൃഗങ്ങളില്‍ പരീക്ഷണം ആരംഭിച്ചത്.
ചെറിയ രോമങ്ങളുള്ള സസ്തനികളിലാണ് പരീക്ഷണം നടക്കുന്നത്. മനുഷ്യനില്‍ വൈറസ് പ്രവേശിക്കുന്ന രീതിയിലാണ് ഈ ജീവികളിലും വൈറസ് പ്രവേശിക്കുന്നത്.
ജൂണില്‍ ലഭിക്കുന്ന ഫലം അനുകൂലമാണെങ്കില്‍ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കാം. ഈ ഫലവും അനുകൂലമായാല്‍ മനുഷ്യ ലോകത്തെ കാര്‍ന്നു തിന്നുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയപ്രദമാവും. കോവിഡ് 19ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാന്‍ ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നത് 54 സ്ഥലങ്ങളിലാണ്. ഇതില്‍ രണ്ടു മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ചൈനയിലും യുഎസിലുമാണ് ഗവേഷണം നടക്കുന്നത്.
18 മുതല്‍ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് പറയുന്നു. വുഹാനിലെ 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പഠനം നടത്തുന്നത്. മറ്റ് 52 സ്ഥലങ്ങളില്‍ വാക്‌സിന്‍ ഗവേഷണം പുരോഗമിക്കുന്നു. ജന്തുക്കളിലും തുടര്‍ന്നു മനുഷ്യരിലും പലതും വൈകാതെ പരീക്ഷിച്ചു തുടങ്ങും. ഇസ്രയേലും രംഗത്തുണ്ട്.
ഗവേഷകര്‍ നോവല്‍ കൊറോണാവൈറസിന്റെ ജനതിക ശാസ്ത്രവും പഠനവിധേയമാക്കുന്നുണ്ട്. കോവിഡ്19ന് അതിവേഗം ഉള്‍പ്പരിവര്‍ത്തനം (mutation) സംഭവിക്കുന്നില്ല എന്ന പേടി ഒഴിവായതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലാബോട്ടറിയിലെ മോളിക്യുലര്‍ ജനറ്റിസിസ്റ്റ് ആയ പീറ്റര്‍ തിയലന്‍ പറയുന്നു. ഇപ്പോള്‍ അമേരിക്കയില്‍ വ്യാപിക്കുന്ന വൈറസിന് ഏകദേശം നാലു മുതല്‍ പത്തുവരെ ജനിതക മാറ്റം വരെയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് തുടങ്ങി എന്നു കരുതപ്പെടുന്ന ചൈനയിലെ വുഹാനിലേതില്‍ നിന്നു വ്യത്യസ്തമായി, അമേരിക്കിയില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടാകുന്നത് എന്നാണ് ധാരാളം ആളുകളെ പരിശോധിച്ചതില്‍ നിന്നു മനസ്സിലാകുന്നത്.
ഇത്രയധികം ആളുകളിലൂടെ കടന്നുപോയ രോഗത്തിന് ചെറിയ വ്യത്യാസം മാത്രമാണ് വന്നിരിക്കുന്നതെന്ന് ഇതു തെളിയിക്കുന്നു. ഇതില്‍ നിന്ന് എത്തിച്ചേരാവുന്ന ഒരു നിഗമനം സാര്‍സ്‌കോവ്2 ന് (SARS-CoV-2) ഒരു വാക്‌സിന്‍ മതിയാകുമെന്നാണ്. ഫഌ രോഗത്തിന് ഓരോ വര്‍ഷവും പുതിയ വാക്‌സിന്‍ കണ്ടുപിടിക്കുന്നതു പോലെ ഇതിനു വേണ്ടിവരില്ല. കോവിഡ്19നെതിരെ സൃഷ്ടിക്കപ്പെടുന്ന വാക്‌സിന്‍, ചിക്കന്‍പോക്‌സും, മീസല്‍സും പോലെ രോഗികള്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രതിരോധശേഷി നല്‍കുമെന്നും പീറ്റര്‍ തിയലന്‍ പറയുന്നു.
ഇതിനകം 35 കമ്പനികളും അക്കാദമിക് കേന്ദ്രങ്ങളും വാക്‌സിന്‍ കണ്ടുപിടിക്കാന്‍ മുന്നോട്ട് വന്നെങ്കിലും നാല് കമ്പനികള്‍ മാത്രമാണ് മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷിച്ച് നോക്കിയത്. അതില്‍ ആദ്യം നിര്‍മിച്ച ബോസ്റ്റന്‍ ആസ്ഥാനമായ മൊഡേണ എന്ന ബയോടെക് കമ്പനി മനുഷ്യരിലേക്ക് പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
കോവിഡ് 19 പകര്‍ത്തുന്ന വൈറസായ Sars-CoV-2 ന്റെ ജനിതക ഘടന കണ്ടെത്തിയ ചൈനയുടെ ശ്രമമാണ് വാക്‌സിന്‍ ഇത്ര പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ തന്നെ ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ടിരുന്നു.
അമേരിക്കയിലെ 'ജെ ആന്റ് ജെ' കമ്പനിയും യു.എസ് ഗവണ്‍മെന്റും തമ്മില്‍ ഒരു ബില്യണ്‍ ഡോളറിന്റെ കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ കമ്പനി പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു ബില്യണ്‍ ഡസന്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. എന്നാല്‍ സെപ്റ്റംബര്‍ വരെ അവര്‍ക്ക് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ബോസ്റ്റന്‍ ആസ്ഥാനമായ മൊഡേണ അവരുടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം തന്നെ അവര്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താനാവും. അവരും യു.എസ് ആരോഗ്യ വകുപ്പുമായും കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.
ലോകത്ത് മറ്റാരെങ്കിലും വാക്‌സിന്‍ കണ്ടെത്തുന്നതിന് മുമ്പ് ഭീമമായ അളവില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ മരുന്ന് നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതിനിടെ ജോര്‍ജിയയിലെ എമൊറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സന്നദ്ധപ്രവര്‍ത്തകരില്‍ താമസിയാതെ മരുന്നുകുത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.. ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയത് സിയറ്റിലിലെ കൈസര്‍ പെര്‍മനെന്റെ വാഷിങ്ടണ്‍സ് ഗവേഷണ ക്ലിനിക്കിലാണ്. രണ്ടാമത്തെ പരീക്ഷണം അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശത്തായിരിക്കും തുടങ്ങുക. പരീക്ഷണത്തിന് ശരീരം വിട്ടുനല്‍കാനുള്ളവരോട് അടുത്തയാഴ്ച മുതല്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടും.
ഈ പ്രാഥമിക ടെസ്റ്റ് നടത്തുക വഴി ഉദ്ദേശിക്കുന്നത് വാക്‌സിന്‍ മനുഷ്യരില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കുമോ എന്നറിയാനാണ്. മോഡേണാ കമ്പനി പരമ്പരാഗതമല്ലാത്ത രീതിയില്‍ വികസിപ്പിച്ച മരുന്നുകളായിരിക്കും പരീക്ഷിക്കുക. മരുന്നുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ജനറ്റിക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഇവര്‍ വാക്‌സിന്‍ സൃഷ്ടിച്ചിരിക്കുന്നത്.
അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും മോഡേണയുമായി ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഈ വൈറസ് ജനിറ്റിക്കലി സീക്വന്‍സ് ചെയ്തത് ഏകദേശം രണ്ടു മാസം മുന്‍!പാണ്.
ഒന്നര വര്‍ഷത്തെ ക്ലിനിക്കല്‍ ടെസ്റ്റിങിനു ശേഷം മാത്രമായിരിക്കും വാക്‌സിന്‍ സുരക്ഷിതവും ഗുണപ്രദവുമാണോ എന്ന തീരുമാനത്തിലെത്തുക, എന്നാണ് എന്‍.ഐ.എച്ച് മേധാവി ആന്തണി ഫൗചി പറയുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് കേരളത്തില്‍ നിന്നുള്‍പ്പെടെ 11 രോഗികളിലെ വൈറസിന്റെ ഘടന വേര്‍തിരിച്ചു. ഇന്ത്യയില്‍ തന്നെ 20 സ്ഥലങ്ങളില്‍ മരുന്നും വാക്‌സിനും കണ്ടിപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങി. 7000 അപേക്ഷകളാണ് മരുന്നു കമ്പനികളില്‍നിന്നു ലഭിച്ചിരിക്കുന്നത്. മലേറിയ, ഡെങ്കി എന്നിവയ്‌ക്കെതിരായ മികച്ച കിറ്റ് നിര്‍മിക്കുന്ന ഇന്ത്യ വൈകാതെ കോവിഡ് കിറ്റും പുറത്തിറക്കാന്‍ സാധ്യതയുണ്ട്. രക്തത്തിലെ സിറോളജി പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്താനുള്ള 5 ലക്ഷം കിറ്റ് ഐസിഎംആര്‍ ഈയാഴ്ച തന്നെ പുറത്തിറക്കും.
കോവിഡ് 19നു പുറമെ നിപ്പ, എച്ച്‌ഐവി, കാന്‍സര്‍, ഹെപ്പറ്റൈറ്റിസ് ബി, സിക്ക, സാര്‍സ്, എബോള, ചിക്കുന്‍ഗുനിയ, ടിബി, പ്ലേഗ്, ജലദോഷം (ഇന്‍ഫ്‌ളുവന്‍സ), വെസ്റ്റ് നൈല്‍, സ്‌മോള്‍പോക്‌സ് തുടങ്ങി വിവിധ തരം വൈറല്‍ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ. കോവിഡ് 19നെ നിര്‍വീര്യമാക്കിയും ഡിഎന്‍എ– ആര്‍എന്‍എ ജനിതക ഘടകങ്ങളും മാംസ്യ ഘടനകള്‍ (പ്രോട്ടീന്‍) വേര്‍തിരിച്ചും വിവിധ രീതികളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്.സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ നല്‍കാന്‍ 12 മുതല്‍ 18 മാസം വരെയെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."