പ്രാര്‍ഥനാപൂര്‍വം മുന്നോട്ടു പോവുക
നിരവധി പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് നാം. നീറുന്ന വേദനകളാല്‍ ഹൃദയവും നിരാശയാല്‍ ജീവിതവും മരവിച്ച ഒരുപാട് ആളുകള്‍ നമുക്കിടയിലുണ്ട്. കഷ്ടതകളും ബുദ്ധിമുട്ടുകളും വെല്ലുവിളികളുമൊക്കെ മനുഷ്യ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നിശ്ചയം പ്രതിസന്ധികള്‍ അഭിമുഖീകരിക്കും വിധമാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് സൂറത്തുല്‍ ബലദില്‍ അല്ലാഹു പരാമര്‍ശിച്ചത്. അത്തരം സാഹചര്യങ്ങളിലൊക്കെ നിരാശപ്പെടേണ്ടതില്ലെന്നും നിരന്തര പ്രാര്‍ഥനയിലൂടെ മനഃശാന്തി കൈവരിക്കണമെന്നും തിരുനബി പഠിപ്പിക്കുന്നു.
നമ്മുടെ ആവശ്യനിര്‍വഹണത്തിനും ലക്ഷ്യപൂര്‍ത്തീകരണത്തിനും വേണ്ടിയാണ് നാം അല്ലാഹുവിനെ വിളിക്കുന്നതും ഹൃദയം വിങ്ങി പ്രാര്‍ഥിക്കുന്നതും. ഭൗതിക ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒരാളെ സമീപിക്കുമ്പോള്‍, സഹായം തേടുമ്പോള്‍ ഏറെ താഴ്മയോടെ നാം പെരുമാറുന്ന പോലെ അല്ലാഹുവിനോടു പ്രാര്‍ഥിക്കുമ്പോഴും വിനയവും ആര്‍ദ്രതയും ഉണ്ടാവേണ്ടതുണ്ട്. വിനയാന്വിതനായി മാത്രമേ തിരുനബി പ്രാര്‍ഥന നടത്താറുള്ളൂ എന്ന് ആഇശ (റ) സാക്ഷ്യപ്പെടുത്തുന്നു.
പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ അമിത ശബ്ദം വേണ്ടതില്ലെന്നും നബി അനുചരരെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ അനുയായികളുമായി യാത്ര പുറപ്പെട്ടതായിരുന്നു നബി. വഴിമധ്യേ അവര്‍ ഒരു പര്‍വതത്തിനടുത്തെത്തി. അനുചരര്‍ ഉച്ചത്തില്‍ മന്ത്രങ്ങളുരുവിടാനും പ്രാര്‍ഥിക്കാനും തുടങ്ങി. ഇതുകേട്ട നബി അവരോട് പറഞ്ഞത് നിങ്ങള്‍ പതുക്കെ പ്രാര്‍ഥിക്കൂ, അല്ലാഹു ശ്രവണവൈകല്യമുള്ളവനൊന്നുമല്ല, നിങ്ങളോടൊപ്പം തന്നെയുണ്ടെന്നായിരുന്നു.
നിരക്ഷരനായ ഒരു ഗ്രാമീണ അറബി ഒരിക്കല്‍ നബിയോട് ചോദിച്ചു: എങ്ങനെയാണ് ഞാന്‍ സ്രഷ്ടാവിനെ വിളിക്കേണ്ടത്? അവന്‍ അടുത്തുണ്ടെങ്കില്‍ പതുക്കെ വിളിക്കാം; അങ്ങ് അകലത്താണെങ്കില്‍ ഉച്ചത്തിലും. ചോദ്യം കേട്ട നബി അല്‍പം മൗനിയായി. അപ്പോഴാണ് അല്‍ബഖറ അധ്യായത്തിലെ 186-ാം സൂക്തമിറങ്ങിയത്. എന്റെ അടിമകള്‍ അങ്ങയോടെന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥന്‍ തന്നെയാണെന്ന് മറുപടി നല്‍കുക. എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ഉത്തരം നല്‍കും.
പ്രാര്‍ഥനകളില്‍ സ്വാര്‍ഥ ചിന്ത പാടില്ലെന്നും നബി പഠിപ്പിച്ചിട്ടുണ്ട്. തന്റെ അനുചരരെയും സമുദായത്തെയും പരാമര്‍ശിക്കാതെ ഒരു പ്രാര്‍ഥനയും നടത്താറില്ലെന്നു ഹദീസുകളില്‍ കാണാം. അനുചരരുടെ ആവശ്യങ്ങളെ അവഗണിക്കരുതെന്നും അവര്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ഥിക്കണമെന്നും അല്ലാഹു നബിയെ ഓര്‍മിപ്പിച്ചു. അങ്ങയുടെ പ്രാര്‍ഥന അവര്‍ക്കു മനഃശാന്തി നല്‍കുക തന്നെ ചെയ്യുമെന്ന് ഖുര്‍ആന്‍ നബിയെ ഉണര്‍ത്തി.
ജീവിതത്തിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ ചുവടുവയ്പുകള്‍ക്ക് പ്രാര്‍ഥനയോടെ തുടക്കം കുറിക്കുക എന്നത് മുസ്്‌ലിംകളുടെ പ്രത്യേകതയാണ്. വിശ്വാസത്തില്‍ നിന്നാണ് പ്രാര്‍ഥന ഉല്‍ഭവിക്കുന്നത്. അതൊരു ചടങ്ങായി മാറരുത്. നമ്മുടെ ഹൃദയത്തിനകത്തുനിന്ന് ഉറവെടുത്ത് സാന്ദ്രമായി അല്ലാഹുവിലേക്ക് ഒഴുകിയടുക്കേണ്ട ഒന്നാവണം. നിസ്‌കാരത്തില്‍ സുജൂദിന്റെ വേളയിലാണ് മനുഷ്യന്‍ അവന്റെ രക്ഷിതാവുമായി കൂടുതല്‍ അടുക്കുക. അതിനാല്‍, ആ സമയത്ത് കൂടുതലായി പ്രാര്‍ഥിക്കാന്‍ നബി പറഞ്ഞതായി അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ നബി പ്രാര്‍ഥനയുടെ മഹത്വം വിശദീകരിക്കവെ ചില അനുചരര്‍ ചോദിച്ചു: ഞങ്ങള്‍ ധാരാളമായി പ്രാര്‍ഥിക്കണമെന്നാണോ അവിടുത്തെ നിര്‍ദേശം? പ്രവാചകന്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ പ്രാര്‍ഥനയെക്കാളും വര്‍ധിച്ചതാണ്. അതായത് അവന്റെ ഖജനാവ് അനന്തമാണ്, നിങ്ങളുടെ വര്‍ധിച്ച പ്രാര്‍ഥനകള്‍ സ്വീകരിച്ചാലും അതില്‍കുറവ് വരില്ല'.
ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നിരാശപ്പെടാതെ, നിഷിദ്ധ മാര്‍ഗങ്ങള്‍ തേടാതെ പ്രാര്‍ഥനാ പൂര്‍വം മുന്നോട്ടു പോവുക. ആത്മാര്‍ത്ഥതയോടെ മനമുരുകി തേടിയാല്‍ അല്ലാഹു സ്വീകരിക്കുക തന്നെചെയ്യും. നോമ്പുകാരന്റെ പ്രാര്‍ഥനക്കു ഉത്തരമുണ്ടാകുമെന്നും റസൂല്‍ അനുചരരെ ഓര്‍മിപ്പിച്ചിരുന്നു.
(സിറിയന്‍ വംശജനും അമേരിക്കയിലെ പ്രമുഖ ഇസ്‌ലാമിക തത്വചിന്തകനുമായ ഡോ. നിനോവി യു.എസിലെ അല്‍ മദീന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക നേതാവ് കൂടിയാണ്)
മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."