പീരുമേട്ടില്‍ അഗ്രി പാര്‍ക്ക് സ്ഥാപിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
പീരുമേട്: ബജറ്റില്‍ പ്രഖ്യാപിച്ച അഗ്രി പാര്‍ക്ക് പീരുമേട്ടില്‍ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. ജില്ലാതല മികച്ച പച്ചക്കറി കര്ഷക്കുള്ള അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രാസവളങ്ങള്‍ അടങ്ങിയ ഭക്ഷ്യോത്പന്നങ്ങളുടെ അമിതോപയോഗം മൂലം ഇന്ത്യയിലെ ജനങ്ങളില്‍ വെറും മൂന്നുശതമാനം വരുന്ന കേരളത്തിലെ ജനങ്ങളാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന 27ശതമാനം വരുന്ന മരുന്നുകളും ഉപയോഗിക്കുന്നത്. അതിനാല്‍ ജൈവ സംസ്കാരത്തിലേയ്ക്ക് ജനങ്ങളെ മടക്കി കൊണ്ടുവരാനുള്ള പദ്ധതിയ്ക്കാണ് കൃഷി വകുപ്പ് നേതൃത്വം നല്‍കുന്നത്.
കര്‍ഷകരില്‍ നിന്നും ജൈവ ഉല്‍പ്പനങ്ങള്‍ ശേഖരിച്ച് വിപണനം നടത്തുവാന്‍ ജൈവ കാര്‍ഷിക ബാങ്കിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ തുടക്കം കുറിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പീരുമേട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'വീട്ടുപടിക്കലെ വിപണി ' എന്ന ജൈവ കാര്‍ഷിക വിളകളുടെ സഞ്ചരിക്കുന്ന മൊബൈല്‍ വിപണിയുടെ പ്രഖ്യാപനവും നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന ലക്ഷ്യമാക്കിയുള്ള ജൈവം, ഹരിതം ജീവനം എന്ന പദ്ധതിയുടെ കരട് പദ്ധതിയുടെ കരട് പദ്ധതി രേഖ പ്രകാശനവും മന്ത്രി നടത്തി.
ജൈവ കാര്‍ഷിക മണ്ഡലത്തിന് ലഭിച്ച സമ്മാനത്തുകയായ അഞ്ചു ലക്ഷവും എം.എല്‍.എ എസ് .ഡി.എഫില്‍ നിന്നുള്ള പതിനൊന്നു ലക്ഷവും ചേര്‍ത്ത് പതിനാറു ലക്ഷം രൂപ മുടക്കിയാണ് വീടുപടിക്കല്‍ വിപണി എന്ന പദ്ധതിയ്ക്കായി വാഹനം വാങ്ങുന്നത്.
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ജൈവ വിളകളും മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളും ഒന്‍പതു പഞ്ചായത്തുകളില്‍ നിന്നും സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പീരുമേട് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകളുടെ ഫെഡറേഷനായ പീരുമേട് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. കൊക്കയാര്‍ പഞ്ചായത്ത് ബ്രാന്‍ഡ് ചെയ്തിറക്കിയ ഫാം കോ ചെറുതേന്‍, ഹെല്‍ത്തി വിറ്റ ഇ. എസ് ബിജിമോള്‍ എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പനും ചേര്‍ന്നു മന്ത്രിയ്ക്ക് നല്കി.
ഇ.എസ് ബിജിമോള്‍ എം.എല്‍.എ സമ്മേളത്തില്‍ അധ്യക്ഷയായി. കാര്ഷികോല്പാദന കമ്മീഷണര്‍ ഡോ. രാജുനാരായണ സ്വാമി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
ത്രിതല പഞ്ചായത്ത് പ്രതിനിധികളായ അഡ്വ. സിറിയക്ക് തോമസ്, മോളി ഡൊമനിക്ക്, വിജയകുമാരി ഉദയ സൂര്യന് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജയമ്മ കൃഷണന്‍കുട്ടി, ആന്‍സി ജെയിംസ്, ശാന്തി ഹരിദാസ്, സുലേഖ ടി എസ്, നെച്ചുര്‍ തങ്കപ്പന്, കെ ടി ബിനു ഷാജി ജേക്കബ് , സജിമോന്‍ ടൈറ്റസ്, എ.എല്‍ ബാബു,സെല്‍വത്തായി, ഷാജി പൈനേടത്ത്, കെ.കെ ശിവരാമന്, വാഴൂര്‍ സോമന്, ഡോ.ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസിയോസ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക കാര്‍ഷിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."