ടൂറിസം രംഗത്ത് ഇടുക്കിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഡി.റ്റി.പി.സി
തൊടുപുഴ: ടൂറിസം രംഗത്ത് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നൂതനവും വൈവിധ്യപൂര്‍ണ്ണവുമായ പദ്ധതികള്‍ വിവിധ ഏജന്‍സികള്‍ മൂന്നാര്‍ ടീ കൗണ്ടിയില്‍ നടന്ന ഡിസ്ട്രിക് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി) ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു.
അവ വിശദമായി ചര്‍ച്ച ചെയ്യുകയും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തനതായ ഇടുക്കി ടൂറിസം ബ്രാന്റിന് രൂപംകൊടുത്ത് പ്രചരിപ്പിക്കാനും ഡി.റ്റി.പി.സി തീരുമാനിച്ചു. ഏഴ് ഏജന്‍സികളാണ് അതിനൂതനവും സമഗ്രവും വൈവിധ്യവുമായ പദ്ധതി ആശയങ്ങള്‍ അവതരിപ്പിച്ചത്.
അണക്കെട്ട് പരിസരത്തെ ടൂറിസം വികസനം, ആര്‍ച്ച്ഡാം ലേസര്‍ പവലിയന്‍, നാടുകാണി പവലിയന്‍, ഡാംടോപ്പ് റോപ്പ്‌വേ, ഫ്‌ളഷ് വാട്ടര്‍ അക്വോറിയം, ഏവിയേഷന്‍ ടൂറിസം , ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ടാംഘട്ടം, മൂന്നാര്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കുമളി ടൂറിസം ഡെസ്റ്റിനേഷന്‍, ഇടുക്കി ആര്‍ട്ട് ഗാലറി, കുട്ടിക്കാനംവളഞ്ഞാര്‍ ടൂറിസം വികസനം, ഇടുക്കി ടൂറിസത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ പദ്ധതികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
പരിസ്ഥിതിയും പ്രകൃതിയുമാണ് ഇടുക്കിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും അവയെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സുസ്ഥിര ടൂറിസം പദ്ധതികളാണ് ജില്ലക്ക് ആവശ്യമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗങ്ങള്‍ കൂടെക്കൂടെ ചേര്‍ന്ന് ഇതു സംബന്ധിച്ച് തടസങ്ങള്‍ നീക്കാന്‍ ശ്രമിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ടൂറിസം പദ്ധതികളുടെ പുരോഗതി എല്ലാ ആഴ്ചയും ഡി.റ്റി.പി.സിയെ അറിയിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മൂന്നാറിന്റെ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് ആവശ്യമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. പ്രകൃതി ഒരുക്കിയ സൗന്ദര്യമാണ് ജില്ലയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. അത് കാണാന്‍ വരുന്നവര്‍ക്ക് തടസങ്ങളില്ലാതെ അസ്വദിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സമഗ്രമായ ടൂറിസം പദ്ധതികളാണ് ജില്ലക്കാവശ്യമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ പറഞ്ഞു. ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് അതിനുസരിച്ച് കലണ്ടറിന് രൂപം നല്‍കി പ്രവര്‍ത്തന പുരോഗതി ഉറപ്പാക്കാണമെന്നും ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു. ദേവികുളം ആര്‍.ഡി.ഒ, ഡി.റ്റി.പി.സി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."