ആണവ സമ്പുഷ്ടീകരണം തുടരാന്‍ ഇറാന്‍
തെഹ്‌റാന്‍: ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കാനുള്ള നീക്കവുമായി ഇറാന്‍. ആണവ കരാറുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കെയാണ് പുതിയ പദ്ധതിയുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ആണവ കരാറിനകത്തുനിന്നു കൊണ്ടു തന്നെ തങ്ങളുടെ ആണവശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതിക്കു തുടക്കമിടുമെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്‌റോസ് കമാല്‍വന്ദി അറിയിച്ചു. ഇക്കാര്യം അറിയിച്ച് യു.എന്‍ ആണവ നിരീക്ഷണ സംഘത്തിന് കത്ത് കൈമാറിയതായി അദ്ദേഹം പറഞ്ഞു.
യുറേനിയം ഹെക്‌സാ ഫ്‌ളോറൈഡ്(യു.എഫ്6) ശേഷി വര്‍ധിപ്പിക്കാനുള്ള പ്രക്രിയയാണ് ഇന്റര്‍നാഷനല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ)ക്കു കൈമാറിയ കത്തില്‍ വിവരിച്ചിരിക്കുന്നത്. സമ്പുഷ്ടീകരണത്തിന് ഇന്നലെ തന്നെ തുടക്കമിടുമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ടെന്ന് ബെഹ്‌റോസ് ഐ.എസ്.എന്‍.എ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന, വിവിധ സാധനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന പ്രത്യേക യന്ത്രത്തിന്റെ ഉല്‍പാദനം നിയന്ത്രിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആണവ സമ്പുഷ്ടീകരണത്തിനു വേണ്ട ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇറാന്‍ ആണവോര്‍ജ ഏജന്‍സിയോട് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. ഇറാന്‍ ആണവ കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോയിന്റ് കോംപ്രഹന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെ.സി.പി.ഒ.എ) നിര്‍ദേശിച്ച ചട്ടക്കൂടില്‍നിന്നു കൊണ്ട് ആണവ സമ്പുഷ്ടീകരണം നടത്താനാണ് ഖാംനഇ ആവശ്യപ്പെട്ടത്. ആണവ രംഗത്ത് നിയന്ത്രണം വരുത്തിയ ശേഷവും ഉപരോധം നേരിടേണ്ടി വരുന്നത് സഹിഷ്ണുതയോടെ നോക്കിനില്‍ക്കാനാകില്ലെന്ന് ഖാംനഇ തിങ്കളാഴ്ചത്തെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. മിസൈലുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടിയുള്ളതാണെന്നും തങ്ങളെ ശത്രുക്കള്‍ ഒറ്റത്തവണ ആക്രമിച്ചാല്‍ പത്തിരട്ടി ശക്തിയോടെ തിരിച്ചാക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
2015ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ തയാറാക്കിയ ജെ.സി.പി.ഒ.എ പ്രകാരം ഇറാന്‍ തങ്ങളുടെ ആണവ സമ്പുഷ്ടീകരണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കരാറില്‍ ഒപ്പുവച്ച അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന തുടങ്ങിയ ലോകരാജ്യങ്ങളെ തൃപ്തിപ്പെടുത്താനായായിരുന്നു ഇത്.
ഇതിനു പകരം നേരത്തെ ഇറാനെതിരേ ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധം ഈ രാജ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. കരാര്‍ പ്രകാരം 3.67 ശതമാനം ആണവ സമ്പുഷ്ടീകരണം നടത്താന്‍ ഇറാന് അനുവാദമുണ്ട്. മെയ് എട്ടിനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."