മൊട്ടക്കുന്നില്‍ വൃക്ഷങ്ങള്‍ കൊണ്ട് കാടൊരുക്കി ചിത്രകലാധ്യാപകന്‍
ഫറോക്ക്: മൊട്ടക്കുന്നിനു മുകളിലെ സ്‌കൂളിനു ചുറ്റും വൃക്ഷത്തൈകള്‍ നട്ടുപിടിച്ച് ഹരിതാഭമാക്കി സത്യന്‍ മാസ്റ്റര്‍. വയനാട്ടില്‍ നിന്നുമെത്തി ചിത്രകലാ അധ്യാപകനായി രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചുമതലേയല്‍ക്കുമ്പോള്‍ പക്ഷികള്‍ക്കിരിക്കാന്‍ പോലും ഒരു തണല്‍ പരിസരത്തുണ്ടായിരുന്നില്ല. ഇതായിരുന്നു പച്ചപ്പ് നിറഞ്ഞ വയനാട്ടില്‍ നിന്നുമെത്തിയ സത്യനെ സ്‌കൂള്‍ പരിസരം ഹരിതാഭമാക്കാന്‍ പ്രേരിപ്പിച്ചത്.
ജന്മനാട്ടില്‍നിന്ന് മരത്തൈകളെത്തിച്ച് കാല്‍നൂറ്റാണ്ട് കൊണ്ട് സ്‌കൂളിനു ചുറ്റും മരങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുകയാണിപ്പോള്‍. രാമനാട്ടുകര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നില്‍ക്കുന്ന അഞ്ച് ഏക്കര്‍ ഇന്ന് ഇടതൂര്‍ന്ന മരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. മാവ്, നെല്ലി, പുളി, താന്നി, വാക, ചന്ദനം, പ്ലാവ് തുടങ്ങിയ വ്യത്യസ്തമായ മരങ്ങളാണ് സത്യന്‍ മാസ്റ്റര്‍ കുട്ടികളുടെ സഹായത്തോടെ നട്ടുവളര്‍ത്തിയത്.
കല്‍പ്പറ്റ പിണങ്ങോട് ചോലപ്പുറത്തെ പുരാതന തറവാട്ടിലെ അംഗമായ സത്യനു പ്രകൃതിയോടുളള അളവറ്റ സ്‌നേഹത്തിനു പിന്നിലും ഒരു കഥയുണ്ട്. പണ്ടുകാലത്തു കടുവയെ കൊന്നാല്‍ തറവാട്ട് കാരണവര്‍ പല്ലും നഖവുമെടുത്ത് കടുവയെ കത്തിച്ച് ചാരം പുഴയിലൊഴുക്കുകയും കടുവയെ കൊന്നയാള്‍ക്ക് പട്ടും വളയും നല്‍കുകയും ചെയ്തിരുന്നു. ഈ കഥയറിഞ്ഞതോടെ പ്രകൃതിവിരുദ്ധ പ്രവൃത്തി സത്യന്‍ മാസ്റ്ററെ വേദനിപ്പിച്ചു. പിന്നീട് പ്രകൃതിക്കൊപ്പം നിന്ന് ഇതിനെല്ലാം പ്രായ്ശ്ചിത്തം ചെയ്യാന്‍ ശപഥം ചെയ്യുകയായിരുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ കടുവാ സംരക്ഷണത്തിനായി നടത്തിയ ഒപ്പുശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ ഒപ്പുകള്‍ ശേഖരിച്ചു നല്‍കിയത് മാസ്റ്ററുടെ നേൃത്വത്തില്‍ ഈ സ്‌കൂളില്‍ നിന്നായിരുന്നു.
സ്‌കൂളില്‍ ചേര്‍ന്ന വര്‍ഷം മുതല്‍ നേച്ചര്‍ ആര്‍ട്ടിസ്റ്റ് ക്ലബ് രൂപീകരിച്ച് വിദ്യാര്‍ഥികളെ പങ്കാളികളാക്കിയാണു മരങ്ങള്‍ നട്ടുപിടിപ്പിക്കാനാരംഭിച്ചത്. സ്‌കൂള്‍ പരിസരത്തു മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനു പുറമെ മാസ്റ്റര്‍ നാട്ടുകാര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നു ലഭിക്കുന്ന തൈകള്‍ രാമനാട്ടുകര പ്രകൃത സംരക്ഷണ സമിതിയിലൂടെയാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത്. 80,000ലധികം തൈകള്‍ ഇതിനോടകം മാസ്റ്റര്‍ വിതരണം ചെയ്തിട്ടുണ്ട്.
തരിശു നിലങ്ങളില്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പച്ചതിനു കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രിയുടെ പ്രത്യേക അംഗീകാരവും മാസ്റ്ററെ തേടിയെത്തിയിരുന്നു. ഒയിസ്‌കോ കോഴിക്കോട് ചാപ്റ്ററിന്റെ സൗത്ത് ഇന്ത്യയിലെ മികച്ച അധ്യാപകനുളള അവാര്‍ഡും ഇദ്ദേഹം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."