വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കല്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് മാര്‍ഗരേഖ പുറപ്പെടുവിച്ച് സുപ്രിംകോടതി.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിലേക്ക് മാറിയിട്ട് ദിവസങ്ങളായെങ്കിലും കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയോ മാര്‍ഗരേഖ രൂപീകരിക്കുകയോ ചെയ്തിരുന്നില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് പരിഗണിക്കുന്നത് താല്‍ക്കാലികമായ സംവിധാനമായി കാണേണ്ടെന്നും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന സംവിധാനം തുടരുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് ബാധയുടെ കാലം കഴിഞ്ഞാലും വിധി നിലനില്‍ക്കും. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് മാര്‍ഗരേഖക്ക് അന്തിമ രൂപം നല്‍കിയത്.
വിഡിയോ കോണ്‍ഫറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ സുഗമമാക്കുന്നതിന് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ ഉദ്യോഗസ്ഥരെ കോടതികളില്‍ സഹായത്തിന് നിയോഗിക്കണം. സാമൂഹിക അകലം പാലിക്കുന്നതിന് കോടതി മുറിക്കുള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകുമെന്ന് മാര്‍ഗരേഖയില്‍ സുപ്രിംകോടതി വ്യക്തമാക്കി. ഇത് നടപ്പാക്കാന്‍ പ്രിസൈഡിങ് ഓഫിസറുണ്ടാകും. വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാന്‍ എല്ലാ കോടതികളും സംവിധാനങ്ങള്‍ ഒരുക്കിയിരിക്കണം. അതത് ഹൈക്കോടതികള്‍ക്കായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല. വിഡിയോയുടെ ഗുണനിലവാരമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ സജ്ജമാക്കണം. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടികളും വേണം. ഹൈക്കോടതികളുടെ നിര്‍ദേശങ്ങള്‍കനുസൃതമായാണ് ജില്ലാ കോടതികളില്‍ സംവിധാനമൊരുക്കേണ്ടത്. വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കാം.
കേസിലെ ഇരു കക്ഷികളുടെയും സമ്മതമില്ലാതെ വിഡിയോ കോണ്‍ഫറന്‍സ് വഴി തെളിവുകള്‍ രേഖപ്പെടുത്തരുത്. തെളിവ് രേഖപ്പെടുത്താന്‍ കക്ഷികള്‍ കോടതിയില്‍ നേരിട്ട് എത്തേണ്ട സാഹചര്യമുണ്ടായാല്‍ സാമൂഹിക അകലം ഉറപ്പുവരുത്തിയിരിക്കണം. കക്ഷികളാരെങ്കിലും കോടതിയില്‍ പ്രവേശിക്കുന്നത് വിലക്കാന്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് അധികരമുണ്ടാകും. എന്നാല്‍ രോഗബാധയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കക്ഷികളെ പ്രിസൈഡിങ് ഓഫീസര്‍ വിലക്കാവൂ. കക്ഷികളുടെ എണ്ണം നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ കോടതി നടപടികള്‍ വരും ദിവസത്തേക്ക് നീട്ടി വയ്ക്കാന്‍ ആവശ്യപ്പെടാനും പ്രിസൈഡിങ് ഓഫിസര്‍ക്ക് അധികാരമുണ്ടാകും. മറിച്ചൊരു ഉത്തരവുണ്ടാകുന്നതുവരെ കൊവിഡ് കാലം കഴിഞ്ഞാലും ഈ ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."