സാമ്പത്തിക പ്രതിസന്ധി: നിര്‍ദേശങ്ങളുമായി സോണിയാഗാന്ധി
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സോണിയാഗാന്ധി കത്തയച്ചത്. 20,000 കോടി രൂപയുടെ ഡല്‍ഹിയിലെ സൗന്ദര്യവല്‍ക്കരണം റദ്ദാക്കുക, ഔദ്യോഗിക വിദേശയാത്രകള്‍ നിര്‍ത്തിവയ്ക്കുക, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയവയാണ് സോണിയാഗാന്ധി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. പ്രധാനമന്ത്രിയുടെ വിദേശയാത്രകളും ഇതില്‍പ്പെടും.
എം.പി ഫണ്ട് 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തിനു പിന്നാലെയാണ് സോണിയാ ഗാന്ധിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സെന്‍ട്രല്‍ വിസ്റ്റ എന്ന പേരിലാണ് ഡല്‍ഹി സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിലവിലുള്ള ചരിത്രപരമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റിന് സുഖമായി പ്രവര്‍ത്തിക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇതുപോലുള്ള സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി ദുര്‍വ്യയം ആകുമെന്നും അവര്‍ വ്യക്തമാക്കി.
ഈപണം ഉപയോഗിച്ച് ആശുപത്രികള്‍ നിര്‍മിക്കണമെന്നാണ് അവര്‍ ആവശ്യം ഉന്നയിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പേഴ്സനല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ് (പി.പി.ഇ), മികച്ച സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കുന്നതിനും ഫണ്ട് ഉപയോഗിക്കണം.
കൊവിഡുമായി ബന്ധപ്പെട്ടവയല്ലാത്ത ടി.വി, പ്രിന്റ്, ഓണ്‍ലൈന്‍ മീഡിയാ പരസ്യങ്ങളെ സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് പൂര്‍ണമായും വിലക്കാനും സോണിയാഗാന്ധി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."