HOME
DETAILS
MAL
കൊവിഡില്‍ അവഗണന; സമാന്തര സംവിധാനമൊരുക്കി
backup
April 09 2020 | 02:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ സംഘടനകളെ മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സമാന്തര പ്രവര്‍ത്തനവുമായി യു.ഡി.എഫും കോണ്‍ഗ്രസും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം അകമഴിഞ്ഞ സഹകരണം നല്‍കിയിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങളും രാഷ്ട്രീയവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സാലറി ചലഞ്ച് പ്രഖ്യാപിക്കുമ്പോഴും ലോക്ക്ഡൗണ്‍ നിയന്ത്രണം സംബന്ധിച്ചു വിലയിരുത്താനുള്ള സംസ്ഥാനതല കര്‍മസമിതി രൂപീകരിച്ചപ്പോഴും പ്രതിപക്ഷത്തോട് ആലോചിക്കാത്തതില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലോക്ക്ഡൗണിന് ശേഷം എങ്ങനെ എന്നത് സംബന്ധിച്ച് ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്താണ് പ്രതിപക്ഷം സര്‍ക്കാരിന്റെ നടപടികളെ പ്രതിരോധിച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖരന്‍, ഡോ.വിജയരാഘവന്‍, സി.പി ജോണ്‍, ഡോ.മാര്‍ത്താണ്ഡന്‍ പിള്ള, ഡോ.എസ് ശ്രീജിത്ത്, ജോ എസ്.എസ് ലാല്‍ എന്നിവരടങ്ങുന്ന സമിതിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും നല്‍കിയിരിക്കുകാണ്.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച 17 കര്‍മസമിതിക്ക് ബദല്‍ രൂപീകരിച്ച യു.ഡി.എഫ് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും സമാന്തരപ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചുനടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സാമൂഹ്യ അടുക്കളയിലും ഭക്ഷണവിതരണത്തിലും സി.പി.എം മേധാവിത്വം വന്നതോടെ സമാന്തര സാമൂഹ്യ കിച്ചനുകള്‍ ആരംഭിച്ചാണ് കോണ്‍ഗ്രസും യൂത്ത് ലിഗും തിരിച്ചടിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 108 കമ്യൂണിറ്റി കിച്ചനുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതുവഴി മൂന്ന് നേരവുമായി ഒന്നരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളും സര്‍ക്കാര്‍ സംവിധാനത്തിലെ വാളന്റിര്‍മാരെയും ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം ബദല്‍ സംവിധാനം വ്യാപകമാക്കി. മരുന്ന് വിതരണം നടത്തുന്നതിന് സമാന്തരമായി കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കി. കെ.പി.സി.സി ഓഫിസിലും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലും പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ചെയ്യുകയും ജില്ലാതലത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തനം ഏകോപിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ഡി.സി.സി പ്രസിഡന്റെുമാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കോണ്‍ഗ്രസിന്റെ സംവിധാനത്തിലൂടെ കാന്‍സര്‍, കിഡ്‌നി രോഗികളായ 713 പേര്‍ക്ക് മരുന്നുകള്‍ എത്തിക്കാനും അയ്യായിരത്തില്‍ അധികം പച്ചക്കറി കിറ്റുകള്‍ നല്‍കാനും കഴിഞ്ഞതായും കോണ്‍ഗ്രസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."