എയര്‍സെല്‍-മാക്സിസ് ഇടപാട്; ചിദംബരത്തെ സി.ബി.ഐ ചോദ്യംചെയ്തു
ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍- മാക്സിസ് ഇടപാട് കേസില്‍ മുന്‍കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ സി.ബി.ഐ ചോദ്യംചെയ്തു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഇന്നലെ രാവിലെ എത്തിയാണ് ചിദംബരം ചോദ്യംചെയ്യലുമായി സഹകരിച്ചത്. കേസില്‍ ചൊവ്വാഴ്ച ആറുമണിക്കൂറോളം ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍ഡ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലത്തെ സി.ബി.ഐ നടപടി. ചോദ്യംചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടു. എന്‍ഫോഴ്സ്മെന്‍ഡ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം ഉന്നയിച്ച സമാനവിഷയങ്ങളാണ് ഇന്നലെ സി.ബി.ഐയും ചോദിച്ചതെന്ന് ചിദംബരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതേ കേസില്‍ ഈ മാസം 12ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിന് നോട്ടിസയച്ചിട്ടുണ്ട്.
അടുത്തമാസം അഞ്ചുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി പട്യാല ഹൗസ് കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ അടുത്തമാസം അഞ്ചിന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് ചിദംബരത്തിനെതിരേ കുരുക്ക് മുറുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."