മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ ഇറ്റലി, സ്‌പെയിന്‍, അമേരിക്ക
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ അനിയന്ത്രിതമായി കൂടുന്നതു നോക്കിനില്‍ക്കുകയാണ് അമേരിക്ക. ലോകത്തെ കീഴ്‌പ്പെടുത്തിയ ഈ മഹാമാരിക്കെതിരേ പ്രതിരോധത്തിനായി സാമൂഹിക അകലം മാത്രമാണ് മനുഷ്യന്‍ ഇതുവരെ കണ്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍, പല രാജ്യങ്ങളിലും സാമൂഹിക വ്യാപനത്തിലേക്കു കടന്ന കൊവിഡ്, ലോകരാജ്യങ്ങളെ സമ്മര്‍ദത്തിന്റെ അടിത്തട്ടിലേക്കു തള്ളിവിട്ടിരിക്കുകയാണ്.
മരണസംഖ്യയില്‍ ഇറ്റലി, സ്‌പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. ഇറ്റലിയില്‍ പക്ഷേ, മരണസംഖ്യ ഉയരുന്ന തോത് കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലും സ്‌പെയിനിലും ദിനംപ്രതി മരണസംഖ്യ കൂടുകയാണ്. ഇറ്റലിയില്‍ 17,669 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,39,422 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ കാല്‍ ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായിട്ടുണ്ട്. എന്നാല്‍, സ്‌പെയിനില്‍ കൊവിഡിന്റെ സംഹാരതാണ്ഡവം അതിന്റെ മൂര്‍ധന്യത്തിലാണ്. ഇന്നലെ മാത്രം 683 പേരാണ് സ്‌പെയിനില്‍ രോഗം ബാധിച്ച് മരിച്ചത്. ദിനംപ്രതി ഇത്രയും പേരുടെ മരണം രേഖപ്പെടുത്തുന്നുമുണ്ട്. 15,238 പേരാണ് സ്‌പെയിനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,52,446 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, അര ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായിട്ടുണ്ട്. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 14,865 പേരാണ് അമേരിക്കയില്‍ മരിച്ചിരിക്കുന്നത്. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 4,35,941 ആയി ഉയര്‍ന്നു. ചൈനയില്‍ ഇന്നലെ രണ്ടുപേര്‍ക്കൂടി മരിച്ചതോടെ മരണസംഖ്യ 3,335 ആയി. 81,865 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ചൈനയില്‍ വളരെ കുറഞ്ഞിട്ടുണ്ട്. അതേസമയം, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലും മരണസംഖ്യ അതിവേഗം ഉയരുകയാണ്.
ഫ്രാന്‍സില്‍ 10,869 പേര്‍ മരിച്ചു. 1,12,950 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ 7,097 പേര്‍ മരിച്ചു. 60,733 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ മരണസംഖ്യ 4,110 ആയി ഉയര്‍ന്നു. 64,586 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബെല്‍ജിയത്തില്‍ 2,523, തുര്‍ക്കിയില്‍ 812, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 913, നെതര്‍ലന്‍ഡില്‍ 2,248, കാനഡയില്‍ 435, ബ്രസീലില്‍ 823, പോര്‍ച്ചുഗലില്‍ 380, ഓസ്ട്രിയയില്‍ 295, ദക്ഷിണ കൊറിയയില്‍ 204, റഷ്യയില്‍ 76, ഇസ്‌റാഈലില്‍ 79, സ്വീഡനില്‍ 687, ആസ്‌ത്രേലിയയില്‍ 51, അയര്‍ലന്‍ഡില്‍ 235, ജപ്പാനില്‍ 94, പാകിസ്താനില്‍ 63, മലേഷ്യയില്‍ 67, ഫിലിപ്പൈന്‍സില്‍ 203, ഇന്തോനേഷ്യയില്‍ 280 എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു രാജ്യങ്ങളിലും മരണസംഖ്യയും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
ബോറിസ് ജോണ്‍സന്റെ നില തൃപ്തികരം
ലണ്ടന്‍: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില തൃപ്തികരമാണെന്ന് അധികൃതര്‍. ഐ.സി.യുവില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ബ്രിട്ടീഷ് കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡോഡണ്‍ അറിയിച്ചു. 55കാരനായ ബോറിസ് ജോണ്‍സണെ ദിവസങ്ങള്‍ക്കു മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ആരോഗ്യനില വഷളായപ്പോള്‍ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. ഇദ്ദേഹത്തിനു നേരത്തേതന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."