സര്‍ക്കാര്‍ സ്കൂളുകള്‍ സ്മാര്‍ട്ടാകുന്നു; 16 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മലപ്പുറം: ജില്ലയിലെ 16 സ്കൂളുകള്‍ ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളായി മാറും. സാമ്പത്തിക വര്‍ഷം തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളുമായാണ് ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അധ്യയനം തടസപ്പെടാതിരിക്കാന്‍ പകരം സംവിധാനങ്ങള്‍ ഒരുക്കാനും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്കും ഡി.ഇ.ഒമാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. നിര്‍മാണപുരോഗതി ഡി.ഇ.ഒമാര്‍ യഥാസമയം വിലയിരുത്തുകയും ബന്ധപ്പെട്ട എം.എല്‍.എമാരെ അറിയിക്കുകയും വേണം.
ഒരു മണ്ഡലത്തില്‍ ഒരു സ്കൂളാണ് മികവിന്റെ കേന്ദ്രമാക്കി വികസിപ്പിക്കുന്നത്. ഇതിനായി 16 സ്കൂളുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. അഞ്ച് കോടി രൂപയാണ് കിഫ്ബിയില്‍നിന്ന് നല്‍കുക.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജില്ലയിലെ 40 സ്കൂളുകള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ നല്‍കും. ഇതില്‍ 10 എണ്ണത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇവയുടെ പ്രവൃത്തികളും സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.
കിഫ്ബി അനുവദിച്ച തുകയ്ക്ക് പുറമെ ആവശ്യമായ തുക എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട്, മറ്റ് പ്രാദേശിക വികസന ഫണ്ട് എന്നിവയില്‍ നിന്ന് കണ്ടെത്താം. പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഡി.ഇ.ഒമാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."