ടെക്‌നോപാര്‍ക്കിലെ വനിതാ സെല്ലില്‍ പരാതി പ്രവാഹം
കഠിനംകുളം: സ്ത്രീ സുരക്ഷ മുന്നില്‍ കണ്ട് അടുത്തിടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ച വനിതാ സെല്ലില്‍ പരാതി പ്രവാഹം. പരാതികളിലേറെയും പാര്‍ക്കിനുള്ളിലെ കമ്പനികള്‍ക്കെതിരേയാണ്. ടെക്കികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ആഴ്ചകള്‍ക്കു മുന്‍പ് ടെക്‌നോപാര്‍ക്കിന്റെ പ്രാധാനകവാടത്തിനോട് ചേര്‍ന്ന് വനിതാ സെല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ശമ്പളം കൃത്യമായി കിട്ടുന്നില്ല, ചോദിക്കുമ്പോള്‍ പിരിച്ചു വിടല്‍ ഭീഷണി, അര്‍ഹമായ പ്രൊ മോഷന്‍ ലഭിക്കുന്നില്ല തുടങ്ങിയ വിധത്തിലുള്ള പരാതികളാണ് അധികവും ലഭിച്ചത്.
ഇരുപത് വര്‍ഷം പിന്നിട്ട ഈ ഐ.ടി കാമ്പസില്‍ ചെറുതും വലുതുമായ 350ല്‍ പരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറുപതിനായിരത്തോളം പേര്‍ ജോലി എടുക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍ പറയുന്നത്. അയ്യായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വേതനം വാങ്ങുന്നവര്‍ ഇവിടുണ്ട്. തൊഴില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് കമ്പനികളില്‍ അധികവും പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
എന്‍ജിനിയറിങ് ബിരുദം കഴിഞ്ഞ് പ്രതിമാസം അയ്യായിരം രൂപക്കു പണിയെടുക്കുന്നവര്‍ വരെ ഇവിടുണ്ട്. അതും രാപകല്‍ ഭേദമില്ലാതെ. ചില കമ്പനികള്‍ ആദ്യത്തെ കുറച്ചു മാസം ഒരു രൂപ പോലും വേതനമായി നല്‍കാറില്ലെന്നും ടെക്കികള്‍ പറയുന്നു.
ട്രെയിനിങ് എന്നു പേരിട്ട് പതിനായിരങ്ങള്‍ ഫീസായും വാങ്ങി പണിയെടുപ്പിക്കുന്ന കമ്പനികളും കുറവല്ല. ഒരു വര്‍ഷം വരെ നീളുന്ന പരീശീലനത്തിന് ശേഷം അയ്യായിരമോ ആറായിരമോ ശമ്പളത്തില്‍ നിയമനം നല്‍കും. അതോടെ ഉദ്യോഗാര്‍ഥികള്‍ മനംമടുത്ത് ഇവിടം വിടേണ്ട സ്ഥിതിയിലാകും. കമ്പനിയാകട്ടെ വീണ്ടും പരിശീലനമെന്ന പേരില്‍ ആളെയെടുക്കുകയും ചെയ്യും. പുതിയ ബാച്ചിനോടും അതേ സമീപനം തന്നെയായിരിക്കും. പരിശീലനത്തിനു പകരം തൊഴില്‍ തന്നെ ചെയ്യിക്കുകയാണ്. പ്രതിമാസം വേതനയിനത്തില്‍ ലക്ഷങ്ങള്‍ കൊടുക്കേണ്ടതിനു പകരം തുച്ഛമായ തുകയില്‍ കാര്യം കഴിയും. കമ്പനികള്‍ കൊള്ള ലാഭമാണ് ഇതുവഴിയുണ്ടാക്കുന്നത്.
ചൂഷണങ്ങളില്‍ പൊറുതിമുട്ടിയ ടെക്കികളാണ് വനിതാസെല്ലില്‍ പരാതിയുമായെത്തിയിരിക്കുന്നത്. എന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന് കണ്ടു തന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."