അമേരിക്കക്ക് പുറമേ ഇസ്റാഈലിനും മരുന്ന് ; മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു
ജറൂസലം: കൊവിഡ് പ്രതിരോധത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ഹൈഡ്രോക്സി ക്ലോറോക്വിന് ഇസ്റാഈലിനും കയറ്റി അയച്ച് കേന്ദ്രം. അമേരിക്കക്ക് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ ഇസ്റാഈലിനും മരുന്ന് കയറ്റി അയച്ചത്. ഹൈഡ്രോക്സി ക്ലോറോക്വിന് ഉള്‍പ്പെടെ 5 ടണ്‍ മെഡിസിനുകളുടെ ചരക്കാണ് ഇസ്രഈലിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.
മരുന്ന് കയറ്റി അയച്ചതിനു പിന്നാലെ പ്രധാനമന്ത്രി മോദിക്ക് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തു.
'ഹൈഡ്രോക്സി ക്ലോറോക്വിന് ഇസ്റാഈലിലേക്ക് കയറ്റി അയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. എല്ലാ ഇസ്രഈല്‍ പൗരന്മാരും ഇന്ത്യയോട് നന്ദി അറിയിക്കുന്നു'- നെതന്യാഹുവിന്റെ ട്വീറ്റ് ചെയ്തു. മരുന്നുകളുടെ ചേരുവകളും ഹൈഡ്രോക്സി ക്ലോറോക്വിനും ആണ് ഇസ്റാഈലിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്.
ഹൈഡ്രോക്സി ക്ലോറോക്വിന് ഉള്‍പ്പെടെ മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയതിനു പിന്നാലെ നെതന്യാഹുവും മോദിയോട് മരുന്ന് കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മൂന്നിനാണ് ഹൈഡ്രോക്സി ക്ലോറോക്വിന് ഇസ്റാഈലിലേക്കു കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്ന് നെതന്യാഹു മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടത്. ഇതിനു മുമ്പ് മാര്‍ച്ച് 13 ന് മാസ്കുകളും സുരക്ഷാ സാമഗ്രികളും നല്‍കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റുമതി നിയന്ത്രിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തി അമേരിക്ക കാര്യം സാധിച്ചിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ലെന്നും പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് പിന്നാലെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."