കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ അഴിമതി
കല്ലൂര്‍ : വായ്പകള്‍ അനുവദിച്ചതിലും കെട്ടിടനിര്‍മാണത്തിലുമായി ഒരുകോടി രൂപയുടെ സാമ്പത്തിക അഴിമതി നടത്തിയെന്ന പരാതിയില്‍ കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
തൃക്കൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് ഇടപ്പിള്ളിയുടെ പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് എ. ഹാരിസാണ് ഉത്തരവിട്ടത്.
ബാങ്കിന്റെ നായരങ്ങാടി ബ്രാഞ്ച് കെട്ടിടത്തിന് സഹകരണ വകുപ്പ് അനുവദിച്ചതിനേക്കാള്‍ 42 ലക്ഷം രൂപയിലേറെ ചെലവഴിച്ചെന്ന് പരാതിയില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വായ്പ നല്‍കിയതും അന്വേഷിക്കും.
മൂന്നുസെന്റ് സ്ഥലത്തിന്റെ ഈടില്‍ 20 ലക്ഷം രൂപയും ഈടൊന്നുമില്ലാതെ അഞ്ചുലക്ഷവും വായ്പ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
ബാങ്കിന്റെ വളം വില്‍പ്പനയുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപയുടെ അഴിമതി നടന്നതായി പരാതിയില്‍ പറയുന്നു.
നിലവാരമില്ലാത്ത വളം ഇറക്കി വില്‍പന മുടങ്ങിയതിലൂടെ മുന്നരലക്ഷം രൂപയുടെ നഷ്ടം ബാങ്കിനുണ്ടാക്കിയതിലും അന്വേഷണം നടത്തും. സി.പി.എം അനുഭാവികള്‍ക്ക് നല്‍കിയ 25 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
പലതവണകളായി 10 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ജീവനക്കാരനെ സംരക്ഷിക്കുന്ന ബാങ്ക് പ്രസിഡന്റ് രാജന്‍ കൊളങ്ങരപറമ്പിലും ഭരണസമിതി അംഗങ്ങളും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.ജെ. സനീഷ്‌കുമാര്‍, ജോര്‍ജ്ജ് ഇടപ്പിള്ളി, സി.വി. ഷംസുദ്ദീന്‍, ഷെന്നി ആന്റോ പനോക്കാരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."