കളിസ്ഥല നിര്‍മാണത്തിന്റെ മറവില്‍ കൃഷി വെട്ടിനശിപ്പിച്ചു
കൊടുവള്ളി: കളിസ്ഥല നിര്‍മാണത്തിന്റെ മറവില്‍ പുഴയോര ഭൂമിയിലെ കൃഷിവിളകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നഗരസഭ പരിധിയില്‍പ്പെട്ട കരിറ്റി പറമ്പിലെ ചെറുപുഴയോരത്തുള്ള അങ്കമണ്ണില്‍ ഭാഗത്തെ കൃഷിവിളകളും മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്.
ഇതുസംബന്ധിച്ച് ശ്രീസദനം വീട്ടില്‍ ഹരിദാസന്‍, നെല്ലൂളി അബ്ദുറഹിമാന്‍, ഹാജറ എന്നിവര്‍ കൊടുവള്ളി പൊലിസില്‍ പരാതി നല്‍കി. ഹാ ജറയുടെ വീടിന് കേടുപാടുകള്‍ വരുത്തിയതായും പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി ഇവരുടെ കൈവശമുള്ള ഭൂമിയോട് ചേര്‍ന്ന പുഴയോര ഭൂമിയില്‍ കൃഷി ചെയ്ത് വരികയാണ്. ഇവിടെ പുഴ പുറംമ്പോക്ക് ഭൂമിയുണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ ഇവിടെ കളിസ്ഥലം നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ സര്‍വേ നടത്തി പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം ഗ്രൗണ്ട് നിര്‍മിച്ചാല്‍ മതിയെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പലര്‍ച്ചെ ഒരുപറ്റം ആളുകള്‍ സംഘടിച്ചെത്തി ഇവിടെ കൃഷി ചെയ്തുവന്ന നൂറോളം വാഴകള്‍, നൂറിലേറെ കമുകുകള്‍, തെങ്ങുകള്‍, മരങ്ങള്‍ എന്നിവ വെട്ടിനശിപ്പിച്ചത്. സമാനമായ രീതിയില്‍ നേരത്തേയും ചെറുപുഴയിലും പൂനൂര്‍ പുഴയിലേയും പുറംമ്പോക്ക് ഭൂമികള്‍ കൈയേറി കളിസ്ഥലം ഉള്‍പ്പെടെയുള്ളവ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
പുഴ പുറംമ്പോക്ക് ഭൂമികള്‍ കൃഷി ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂ എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പരിസ്ഥിതിക്ക് ദോഷകരമാവും രീതിയില്‍ കൈയേറ്റങ്ങള്‍ നടത്തി നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. പൂനൂര്‍ പുഴ കൈയേറ്റങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ യു.വി ജോസ് സന്ദര്‍ശിച്ചിരുന്നു. ചെറുപുഴയോരത്തെ ഭൂമി കൈയേറ്റത്തിനെതിരേ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് പുഴ സേവ് ഫോറം ഭാരവാഹിയായ പി.എച്ച് ത്വാഹാ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."