സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ
തൊടുപുഴ: 2,000 കോടി രൂപയുടെ 'മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി' നടപ്പാക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള തൊഴില്‍-കച്ചവട നഷ്ടങ്ങളും ഇതുമൂലം സാധാരണക്കാര്‍ക്കുണ്ടാകുന്ന ദുരിതവും കണക്കിലെടുത്താണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍ എ. അലക്‌സാണ്ടര്‍ പുറത്തിറക്കി.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അക്കൗണ്ടുള്ള കേരള ബാങ്ക് ശാഖകള്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, മറ്റു സഹകരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് വായ്പാ പദ്ധതി നടപ്പാക്കുക. കൊവിഡ് 19 മഹാമാരി പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചവര്‍ക്കുള്ള അടിയന്തിര ധനസഹായം എന്ന നിലയിലാണ് പദ്ധതി പ്രകാരം സഹായം അനുവദിക്കുന്നത്.
കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള ഉപഭോക്തൃ വായ്പയായി ഇത് കണക്കാക്കും. 2019 ഡിസംബര്‍ 31ന് മുന്‍പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ ഒരു തവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതേ ബാങ്കും, വായ്പ എടുത്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സേവിങ്‌സ് അക്കൗണ്ടുള്ള ബാങ്ക് മുഖേനയുമാണ് വായ്പ അനുവദിക്കേണ്ടത്. ബന്ധപ്പെട്ട സി.ഡി.എസ് ശുപാര്‍ശയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വായ്പ നല്‍കേണ്ടത്. സാമ്പത്തിക സ്ഥിതിക്ക് ആനുപാതികമായും ഒരംഗത്തിന് 5,000, 10,000, 15,000, 20,000 എന്നിങ്ങനെ പരമാവധി 20,000 വരെ വായ്പ അനുവദിക്കും. വായ്പയുടെ പലിശ തിരിച്ചടവിന്റെ കൃത്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കുടുംശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. ആറ് മാസം മൊറട്ടോറിയം ഉള്‍പ്പടെ 36 മാസമായിരിക്കും വായ്പാ കാലാവധി. അയല്‍ക്കൂട്ടങ്ങളുടെ എണ്ണവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് ഓരോ ജില്ലയ്ക്കും അനുവദിക്കേണ്ട വായ്പാ പരിധി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിശ്ചയിക്കുമെന്നും രജിസ്ട്രാറുടെ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."