തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നു: വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്ന് വിളിച്ച് അപമാനിച്ചതായി പ്രതിപക്ഷം. പ്രതിപക്ഷത്തെ ഏതെങ്കിലും എം.എല്‍.എയ്ക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ വെല്ലുവിളിക്കുകയാണെന്നും വി.ഡി സതീശന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോള്‍ പ്രശ്‌നത്തെ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല എന്ന് പറഞ്ഞതിന്റെ അര്‍ഥം മുഖ്യമന്ത്രി വിശദീകരിക്കണം. മഫ്തിയിലുള്ള പൊലിസുകാര്‍ സഞ്ചരിച്ച വാഹനം തന്റെ വാഹനത്തില്‍ ഉരസിയപ്പോള്‍ പ്രതികരിച്ചതിനാണ് ഉസ്മാന്‍ എന്നയാളെ ക്വട്ടേഷന്‍സംഘം പ്രവര്‍ത്തിക്കുന്നത് പോലെ പൊലിസ് ക്രൂരമായി മര്‍ദിച്ചത്. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനോടും വളരെ മോശമായ ഭാഷയിലാണ് പൊലിസ് സംസാരിച്ചത്.
പല സംഘടനകളും പ്രതിഷേധിച്ച കൂട്ടത്തില്‍ ബസ് കത്തിക്കല്‍ കേസിലെ പ്രതി ഇസ്മാഈലും ഉണ്ടായിട്ടുണ്ടാവും. ബസ് കത്തിച്ച സംഘടനയുടെ പ്രസിഡന്റിനെ കാത്തല്ലേ മുഖ്യമന്ത്രി കുറ്റിപ്പുറത്തും തിരുവനന്തപുരത്തും മണിക്കൂറുകളോളം കാത്തിരുന്നത്. ചെങ്ങന്നൂരില്‍ എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കാന്‍ നേതൃത്വം കൊടുത്തതും മുഖ്യമന്ത്രിയാണ്. എന്നിട്ടാണ് എസ്.ഡി.പി.ഐക്കാരെ കോണ്‍ഗ്രസിന് മേല്‍ ചാരാന്‍ നോക്കുന്നത്. അസംബന്ധം വിളിച്ചുപറയാന്‍ ആരും മുഖ്യമന്ത്രിക്ക് ലൈസന്‍സ് കൊടുത്തിട്ടില്ല. അത് കേട്ട് സീറ്റിലിരിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. കാറ്റത്തഴിച്ചുവിട്ട പട്ടം പോലെ പൊലിസ് തോന്നിയ വഴിക്ക് നീങ്ങുകയാണെന്നും സതീശന്‍ ആരോപിച്ചു.
പൊലിസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രതിപക്ഷത്തിനെതിരെ തീവ്രവാദബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷത്തെ നയിച്ച കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി കെ.സി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."