തീരദേശ മേഖലയില്‍ സമാധാനത്തിന്റെ പൊന്‍വെളിച്ചം പടരട്ടെ
തീരദേശമേഖലയില്‍ ഇനിയൊരു അക്രമവും ഉണ്ടാകരുതെന്ന തീരുമാനം സി.പി.എം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ നേതൃയോഗം കൈകൊണ്ടത് ശ്ലാഘനീയമാണ്. താനൂര്‍, തിരൂര്‍ തീരദേശ പ്രദേശങ്ങളില്‍ അടുത്തിടെ ഉണ്ടായ ആക്രമണങ്ങള്‍ പ്രദേശത്ത് മാത്രമല്ല അശാന്തി പടര്‍ത്തിയത്. ജില്ല മൊത്തത്തില്‍ അതിന്റെ വേദന അനുഭവിച്ചിട്ടുണ്ട്.
സാമുദായിക സൗഹാര്‍ദത്തിനും രാഷ്ട്രീയാഭിപ്രായ വ്യത്യാസത്തിനപ്പുറമുള്ള സഹവര്‍ത്വത്തിനും സഹകരണത്തിനും പേരുകേട്ട ജില്ലയാണ് മലപ്പുറം. അതാരും ഉണ്ടാക്കിയെടുത്തതല്ല. ഇവിടത്തെ ജനങ്ങളില്‍ രൂഢമൂലമായ ഒരു വിചാരമാണത്. ഇതര ജില്ലകളില്‍ രാഷ്ട്രീയ കൊലപാതകങ്ങളും സാമുദായിക സംഘര്‍ഷങ്ങളും ഉണ്ടാകുമ്പോള്‍ മലപ്പുറം ജില്ല അതില്‍ നിന്നെല്ലാം വിട്ട്‌നിന്ന് വ്യതിരിക്തമായ ഒരു ഭാവം കാത്തുസൂക്ഷിച്ചു. സ്‌നേഹത്തിന്റെ, സഹകരണത്തിന്റെ നൂലിനാല്‍ പരസ്പരം ബന്ധിതരാണ് തങ്ങളെന്ന ബോധ്യമായിരുന്നു ആ ഭാവം. ജില്ലയുടെ പരമ്പരാഗത സ്വഭാവവുമാണത്. അതുകൊണ്ട് തന്നെയാണ് സംഘ്പരിവാര്‍ എത്ര ശ്രമിച്ചിട്ടും വടക്കേ ഇന്ത്യയില്‍ കുപ്രചാരണങ്ങള്‍ നടത്തിയിട്ടും ഇവിടെ അത് ഏശാതെ പോകുന്നത്. അത്തരമൊരു മഹിത പാരമ്പര്യത്തിന്റെ ജ്വലിക്കുന്ന ചരിത്രം സ്വന്തമായുള്ളപ്പോള്‍ താനൂര്‍, തിരൂര്‍ തീരദേശ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ജില്ലയുടെ യശസ്സിനാണ് കളങ്കമേല്‍പിക്കുന്നത്. ഈ തിരിച്ചറിവിലേക്ക് സംഘര്‍ഷങ്ങളില്‍ ഭാഗവാക്കാകുന്ന ജില്ലയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വന്നിരിക്കുന്നു എന്നതാണ് ഇപ്പോള്‍ നടന്ന്‌കൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളുടെ കേന്ദ്രബിന്ദു.
ജില്ലയിലെ മുസ്‌ലിം ലീഗ്, സി.പി.എം നേതൃത്വങ്ങള്‍ കാര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിച്ചുതുടങ്ങിയിരിക്കുന്നത് ഏറെ ആഹ്ലാദം പകരുന്നു. അതിനാലാണ് അക്രമം ഇല്ലാതാക്കാന്‍ ഇരു പാര്‍ട്ടി നേതൃത്വങ്ങളും എടുത്ത തീരുമാനങ്ങള്‍ ശ്രദ്ധാര്‍ഹമാകുന്നത്.
അക്രമത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം ഇടപെട്ട് സഹായിക്കുകയില്ലെന്നും പൊലിസ് സ്‌റ്റേഷനില്‍ നിന്നും അവരെ ഇറക്കിക്കൊണ്ടുവരുവാന്‍ മുന്‍കൈ എടുക്കുകയില്ലെന്നുമുള്ള തീരുമാനം തന്നെയാണ് ഇതില്‍ പ്രധാനം. രക്ഷിക്കാനും സഹായിക്കാനും ആരും ഉണ്ടാവുകയില്ലെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ അക്രമങ്ങള്‍ താനെ നിന്നുകൊള്ളും. ഇരു പാര്‍ട്ടി നേതൃത്വങ്ങളും ഇത്തരമൊരു തീരുമാനമെടുത്തതിന് ശേഷം മേഖലയില്‍ നിന്നു കാര്യമായ ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ഇത് വ്യക്തമാക്കുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടര്‍ അമിത് മീണ ആധ്യക്ഷം വഹിച്ച സമാധാന യോഗ തീരുമാനങ്ങള്‍ തീരദേശ മേഖലയിലെ ഇനിയുള്ള പുലരികളെ പുതിയ പ്രതീക്ഷകളാല്‍ പ്രശോഭിതമാക്കുമെന്ന് തന്നെ കരുതാം. അക്രമങ്ങള്‍ മേലില്‍ തലപൊക്കാതിരിക്കുവാന്‍ രൂപം കൊള്ളുന്ന പ്രാദേശിക സമാധാന കമ്മിറ്റികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുവാന്‍ കഴിയും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകുന്നു എന്നത് തന്നെ ജില്ലാ ഭരണകൂടം ഇത്തരമൊരു സംരംഭത്തിന് എന്ത് മാത്രം പ്രാധാന്യമാണ് നല്‍കുന്നതെന്ന് വ്യക്തമാണ്. അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ആഴ്ചകള്‍ തോറും സമാധാന കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നത്. തീരുമാനങ്ങളൊക്കെയും കടലാസില്‍ മാത്രം പതിയാതിരിക്കട്ടെ. നാലോ അഞ്ചോ പ്രാവശ്യം യോഗം ചേര്‍ന്ന് പിന്നീടത് പതുക്കെ പതുക്കെ ഇല്ലാതാകുമ്പോള്‍ തീരദേശ മേഖലയില്‍ പിന്നെയും അസ്വസ്ഥതകള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനാല്‍ ആഴ്ചകള്‍ തോറുമുള്ള അവലോകന യോഗങ്ങള്‍ യാതൊരു വിഘ്‌നവും കൂടാതെ നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണം.
തീരപ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ സംരക്ഷിക്കുകയില്ലെന്നും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. യു.എ ലത്തീഫും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കിയതില്‍ നിന്നും, ഈ വിഷയത്തില്‍ ഇരുപാര്‍ട്ടികളുടെയും ദൃഢനിശ്ചയമാണ് തെളിയുന്നത്. അത് പാലിക്കപ്പെടുക തന്നെ വേണം.
രണ്ട് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് താനൂര്‍, തിരൂര്‍ തീരദേശ മേഖലയില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് പലര്‍ക്കും മാരകമായ പരിക്ക്പറ്റി. അവരില്‍ പലരും ജോലിക്ക് പോകാനാവാതെ വീടുകള്‍ക്കുള്ളില്‍ കഴിയുന്നു. എത്രയോ കുട്ടികളുടെ പഠനം മുടങ്ങി. വിവാഹാലോചനകള്‍ നടക്കാതായി. പല വിവാഹങ്ങളും മുടങ്ങി. തീരദേശ മേഖലയില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപകമായി.
ഇത്തരമൊരവസ്ഥയില്‍ ജില്ലയില്‍ രൂപം കൊണ്ട സമാധാന ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മുറിവുകള്‍ ഉണക്കുവാനും അകന്ന് പോയവരെ അടുപ്പിക്കുവാനും പരിക്ക് പറ്റി വീടുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാനും സമാധാന കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണം. മേഖലയിലെ നിസ്സാര പ്രശ്‌നങ്ങള്‍ ഗുണ്ടകള്‍ ഏറ്റെടുക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന പതിവ് രീതികള്‍ ഇനി ഈ മേഖലയില്‍ ഉണ്ടാകരുത്.പ്രതീക്ഷാ നിര്‍ഭരമായ പുലരികള്‍ തീരദേശ മേഖലയില്‍ പൊട്ടിവിടരുവാന്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗം നിമിത്തമാകേണ്ടതുണ്ട്.
സി.പി.എമ്മിന്റേയും മുസ്‌ലിം ലീഗിന്റേയും നേതൃത്വത്തില്‍ ഇന്ന് കടപ്പുറത്ത് ചേരുന്ന സമാധാന യോഗം മേഖലയെ പ്രശാന്തതീരമാക്കുന്നതിന്റെ ആദ്യ ചുവട്‌വയ്പ്പാകട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."