ഗിമ്മിക്കുകള്‍ കൊണ്ട് നയതന്ത്രവിജയം നേടാനാകില്ല
ന്യൂക്‌ളിയര്‍ സപ്‌ളൈ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യയെ അംഗമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം അമ്പേ പരാജയപ്പെട്ടിരിക്കുകയാണല്ലോ. ഇന്ത്യയും ചൈനയും തമ്മിലുള്ള വിടവ് പരമാവധി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന അമേരിക്ക തന്ത്രപൂര്‍വം ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ചൈനയുടെ തലയില്‍ക്കെട്ടിവച്ചു കൈകഴുകുകയും ചെയ്തു.
സമീപകാലത്ത് ഇന്ത്യ നേരിട്ട കനത്ത നയതന്ത്ര പരാജയം എന്ന് ഇതിനെ നിസംശയം വിശേഷിപ്പിക്കാം. ന്യൂക്‌ളിയര്‍ സപ്‌ളൈ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗമാകുന്നതുതന്നെ വലിയൊരു വിരോധാഭാസമാണെന്നു ചില പ്രമുഖ നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാരണം, 1974ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടു പൊഖ്‌റാനില്‍ ആദ്യത്തെ ആണവപരീക്ഷണം നടത്തി. ഇതോടെ പാശ്ചാത്യശക്തികള്‍ ഇന്ത്യക്കെതിരേ തിരിഞ്ഞു.
ആണവായുധങ്ങളും സാങ്കേതികവിദ്യയും അതില്ലാത്ത രാജ്യങ്ങള്‍ക്കു കയറ്റുമതിചെയ്യുന്നതില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ നോണ്‍ പ്രോലിഫറേഷന്‍ ഉടമ്പടിയില്‍ നേരത്തെതന്നെ ഒപ്പുവച്ച രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ചതാണ് എന്‍.എസ്.ജി അഥവാ ന്യൂക്‌ളിയര്‍ സപ്‌ളൈ ഗ്രൂപ്പ്. ലണ്ടനില്‍ നടത്തിയ നിരന്തര കൂടിയാലോചനകളുടെ ഫലമായി 1975ല്‍ ആദ്യം ഏഴു രാഷ്ട്രങ്ങള്‍ ഇതില്‍ അംഗങ്ങളായി. കാനഡ, പശ്ചിമജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, സോവിയറ്റ് യൂനിയന്‍, അമേരിക്ക, ബ്രിട്ടന്‍ എന്നിവയായിരുന്നു ആ രാജ്യങ്ങള്‍. 1977ല്‍ 15 രാഷ്ട്രങ്ങള്‍കൂടി ഇതില്‍ അംഗങ്ങളായി. ഇപ്പോള്‍ 48 രാഷ്ട്രങ്ങളാണ് എന്‍.എസ്.ജിയില്‍ അംഗങ്ങളായിട്ടുള്ളത്.
യഥാര്‍ഥത്തില്‍ എന്‍.എസ്.ജി വിഷയത്തില്‍ നരേന്ദ്രമോദി എന്താണു ചെയ്തത്? പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നാട്ടുകാരെ പറ്റിക്കല്‍. 48 അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ എന്‍.എസ്.ജി അംഗമാക്കുന്നതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നതു നേരാണ്. എന്നാല്‍, ദക്ഷിണ കൊറിയയിലെ സോളില്‍ ചേരുന്ന അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇതൊരു അജന്‍ഡയേ ആയിരുന്നില്ല. ന്യൂക്ലിയര്‍ നോണ്‍പ്രോലിഫറേഷന്‍ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ലാത്ത ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുന്‍പ് തങ്ങള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചവേണമെന്ന് അംഗരാജ്യങ്ങള്‍ ആവിശ്യപ്പെട്ടിരുന്നു.
വ്യാപകവും അര്‍ഥവത്തുമായ ചര്‍ച്ചയ്ക്ക് അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിലും ഇന്നത്തെ ലോകക്രമത്തില്‍ ഇന്ത്യയുടെ പങ്ക് ഊട്ടിയുറപ്പിക്കുന്നതിലും ഇന്ത്യന്‍ നയതന്ത്രരംഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാജയപ്പെട്ടു. എന്‍.എസ്.ജി അംഗത്വം ലഭിക്കാനുള്ള യാതൊരു ഗൃഹപാഠവും ചെയ്യാതെ മാധ്യമ ശ്രദ്ധമാത്രം ലക്ഷ്യമിട്ടു നടത്തിയ നീക്കമായതുകൊണ്ടാണ് ഈ ശ്രമത്തില്‍ ഇന്ത്യയ്ക്കു പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.
ഇന്ത്യയ്ക്കുവേണ്ടി പടപൊരുതുന്നയാള്‍ എന്ന ഇമേജ് സൃഷ്ടിക്കാനുള്ള നീക്കം മാത്രമായിരുന്നു അത്. എന്‍.എസ്.ജിയിലെ അര്‍ജന്റീനിയന്‍ അംബാസിഡറും സ്ഥാനമൊഴിയുന്ന എന്‍.എസ്.ജി ചെയര്‍പേഴ്‌സണുമായ റാഫേല്‍ ഗ്രോസി പറയുന്നു: 'ഇന്ത്യയെ എന്‍.എസ്.ജിയില്‍ അംഗമാക്കണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, അംഗരാജ്യങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു തൃപ്തികരമായ ഉത്തരം ലഭിച്ചശേഷമേ അതിനു സാധ്യതയുള്ളൂ. അതിനര്‍ഥം സാധ്യത അവസാനിക്കുന്നുവെന്നല്ല; മറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട് എന്നാണ്.'
ഇതാണു വസ്തുതയെന്നിരിക്കേ ഈ വിഷയത്തില്‍ മറ്റൊരു പബ്ലിക് റിലേഷന്‍ തന്ത്രമാണു മോദി പയറ്റിയത്. അമേരിക്കയുടെ സുഹൃത്തായി സ്വയം ചമയുകയാണദ്ദേഹം. അമേരിക്ക വിചാരിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം എളുപ്പമായേനെ, അതു സംഭവിച്ചില്ല. കാരണം ആണവരംഗത്ത്, വിശിഷ്യ ആണവത്തലപ്പുകളുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണരംഗത്ത് ഇന്ത്യ ബഹുദൂരം മുന്നോട്ടുപോകുന്നത് അമേരിക്ക ഇഷ്ടപ്പെടുന്നില്ല. ഏഷ്യയില്‍നിന്ന് ഒരു വന്‍ശക്തികൂടി ഉയര്‍ന്നുവരുന്നത് അവരുടെ സൈ്വരം കെടുത്തും.
അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ പരമാവധി മല്‍സരബുദ്ധി വളര്‍ത്തുകയെന്നതാണ് അവരുടെ തന്ത്രം. ചൈനയും ഇന്ത്യയെ ഭയപ്പാടോടെയാണു നോക്കുന്നത് എന്നതുകൊണ്ട് അമേരിക്കയ്ക്കു കാര്യങ്ങള്‍ എളുപ്പമായി. തീര്‍ച്ചയായും എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് അവകാശവും അര്‍ഹതയുമുണ്ട്. അതിന് അംഗരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ശക്തമായ അന്തരാഷ്ട്ര ലോബീയിങ്ങാണു വേണ്ടത്. നയതന്ത്രനീക്കങ്ങളില്‍ ഗിമ്മിക്കുകള്‍ക്കു സ്ഥാനമില്ലെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."