പ്രവാസികളുടെ ആശങ്കയകറ്റാൻ സർക്കാരിൻറെ അടിയന്തര ഇടപെടൽ ഉണ്ടാകണം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: കൊറോണ വൈറസ് ഒരു ആഗോള ഭീതിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ സഊദിയിലുള്ള ഇന്ത്യൻ പ്രവാസികളുടെ ആശങ്കകളകറ്റാൻ ഇന്ത്യൻ എംബസ്സിയുടെ ഭാഗത്തു നിന്നും സത്വര ഇടപെടൽ ഉണ്ടാകാൻ ഇന്ത്യാ ഗവൺമെൻറ് അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനും ദിവസം മുമ്പ് സഊദി ആരോഗ്യ മന്ത്രിയുടെ പ്രസ്താവന സൗദിയിലെ സ്ഥിതിഗതികൾ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. കൊറോണ വൈറസ് ബാധിതരിൽ പ്രവാസികളുടെ എണ്ണം കൂടുന്നതും വിവിധ പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ ഇന്ത്യക്കാർ ഉൾപ്പെട്ടതും പ്രവാസികൾക്കിടയിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.
സഊദി ഭരണകൂടവും ആരോഗ്യ മന്ത്രലയവും മെച്ചപ്പെട്ട സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും വരുംദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണെങ്കിൽ പ്രവാസികളുടെ ചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ ഇന്ത്യാ ഗവൺമെന്റിന്റെ നയതന്ത്രപരമായാ അടിയന്തര ഇടപെടൽ ഉണ്ടാകണം. പ്രവാസികൾ ഒന്നിച്ചു താമസിക്കുന്ന റൂമുകളിൽ സൗകര്യങ്ങൾ പൊതുവെ കുറവായതിനാലും, നിലവിലെ സാഹചര്യം കൂടുതൽ മോശമാകുകയുമാണെങ്കിൽ എംബസിയും ഇന്ത്യാ ഗവൺമെന്റും ഇടപെട്ട് രോഗനിയന്ത്രണത്തിന്റെ ഭാഗമായി ക്വാറന്റൈൻ സംവിധാനം ഉറപ്പു വരുത്താനുള്ള മുൻകരുതലുകൾ ഉടനെ ഉണ്ടാക്കേണ്ടതുണ്ട്. കൂടാതെ നാട്ടിൽ പോകാൻ തയ്യാറുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു പോകാൻ ചുരുങ്ങിയ ചെലവിൽ വിമാന സർവീസുകൾ ഒരുക്കുകയും, നാട്ടിലേക്ക് വരുന്ന പ്രവാസികളെ സർക്കാർ സംവിധാനത്തിൽ തന്നെ പ്രത്യേകമായ സുരക്ഷാ സ്ഥലങ്ങളിൽ താമസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാക്കണം.
ജോലി നഷ്ടപ്പെട്ടതിനാലും സാമ്പത്തികപ്രയാസം കാരണത്താലും ആഹാരത്തിനു പ്രയാസമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആവശ്യമായ ദുരിതാശ്വാസം എത്തിക്കുന്നതിന് എംബസിയുടെ ഭാഗത്തുനിന്നും ഗൗരവമായ ശ്രദ്ധ ഉണ്ടാകണം. ഇതിനായി സൗദി അധികാരികളുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറുള്ളവർക്ക് അതിനുവേണ്ട അനുമതിപത്രം സംഘടിപ്പിച്ച് നൽകണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം
സെൻട്രൽ കമ്മറ്റി പ്രസിഡൻറ് വസിം റബ്ബാനി, ജനറൽ സെക്രട്ടറി അഷ്‌റഫ് പുത്തൂർ, നമീർ ചെറുവാടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."