ഡോ.പി.എ ലളിത അന്തരിച്ചു
കോഴിക്കോട്: കോഴിക്കോടിന്റെ അമ്മ മനസ്- ഡോ.പി.എ ലളിത (70) നിര്യാതയായി. ഇന്നലെ വൈകീട്ട് 4-30ന് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് വെസ്റ്റഹില്‍ ശ്മശനാത്തില്‍. കഴിഞ്ഞ എട്ട് വര്‍ഷമായി അര്‍ബുദ രോഗത്തിലും പൊതുരംഗത്ത് സജീവമായിരുന്നു എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോക്ടര്‍. ഭര്‍ത്താവ് ഡോ. മണി. ഏക മകള്‍ ഡോ.മിലിയാണ് നിലവില്‍ ഹോസ്പിറ്റല്‍സിന്റെ മാനേജിംഗ് ഡയരക്ടര്‍. മരുമകന്‍ ഡോ.കോളിന്‍ ജോസഫ്. മാനസി പേരക്കുട്ടി.
കോഴിക്കോടിന് ലഭിച്ച വരദാനമായിരുന്നു ഡോ. പി.എ ലളിത. ആതുരശുശ്രൂഷയുടെ കാര്യത്തില്‍ മാത്രമല്ല, കോഴിക്കോടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉയര്‍ച്ചയില്‍ കഴിയുന്നത്ര പങ്കുവഹിക്കാനാണ് അവര്‍ ഉത്സാഹിച്ചത്. ഏതു പ്രതിസന്ധി ഘട്ടത്തിലും ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുകയും തികഞ്ഞ പ്രതീക്ഷയോടെ കാര്യങ്ങള്‍ കാണുകയുമായിരുന്നു ഡോ. പി.എ ലളിതയുടെ രീതി. അതിന് ഒരിക്കലും മാറ്റം വന്നില്ല. കാന്‍സറിന്റെ ആക്രമണത്തിന് മുന്നിലും ഡോ. ലളിത സുസ്‌മേരവദനയായി നിന്നു എന്നതാണ് ചരിത്രം.
തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ കുടുംബത്തിലെ അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളായ ലളിതക്ക് പത്രപ്രവര്‍ത്തകയാകാനായിരുന്നു ചെറുപ്പത്തില്‍ മോഹം. പിന്നീട് എം.ബി.ബി.എസിന് ചേര്‍ന്നപ്പോഴും സാമൂഹികസേവനം എന്ന ആശയത്തില്‍ നിന്ന് മനസ്സ് വ്യതിചലിച്ചില്ല. പഠനശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു പരിപാടി.
എന്നാല്‍, ശിശുരോഗ വിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൂപ്രണ്ടുമായ ഡോ. എന്‍.എം മത്തായിയാണ് ലളിതയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. സ്വന്തമായി ആസ്പത്രി തുടങ്ങാനായിരുന്നു നിര്‍ദേശം. അങ്ങനെ 1978ല്‍ ഡോ. പി.എ ലളിത കോഴിക്കോട്ടെത്തി. ഭര്‍ത്താവ് വി.എന്‍ മണി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു അക്കാലത്ത്. മണിയുടെ ജ്യേഷ്ഠ സഹോദരനും ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയറുമായ വി.എന്‍ ഗണേശന്‍ നല്‍കിയ ചെറിയ തുകയുമായാണ് കോഴിക്കോട്ടെത്തിയത്. അതോടെ ആതുരശുശ്രൂഷാ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കമാവുകയായിരുന്നു.
600 രൂപ ശമ്പളത്തിന് കോഴിക്കോട് സെന്റ് മേരീസ് ആസ്പത്രിയിലാണ് സേവനം തുടങ്ങിയത്. പിന്നീട് ഡോ. അബ്ദുറഹിമാന്‍ 25 കിടക്കകളുള്ള ആസ്പത്രി തുടങ്ങിയപ്പോള്‍ അതേറ്റെടുത്ത് നടത്താന്‍ ഡോ. ലളിതയെ ക്ഷണിച്ചു. അങ്ങനെ 16 നഴ്‌സുമാരും മറ്റ് ജീവനക്കാരുമായി ആസ്പത്രി തുടങ്ങി. 1983ലായിരുന്നു ഇത്. അങ്ങനെ മലബാര്‍ ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമായി. വിദഗ്ധരായ ഡോക്ടര്‍മാരും ചികിത്സാ യൂണിറ്റുകളുമെല്ലാമായി മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് ന്യൂറോ സെന്റര്‍ മലബാറിലെ തന്നെ പ്രധാന ആസ്പത്രിയായി മാറി. ഡോ. പി.എ ലളിതയുടെ അധ്വനവും നേതൃപാടവവും ദീര്‍ഘവീക്ഷണവും എല്ലാമാണ് മലബാര്‍ ഹോസ്പിറ്റലിനെ മുന്നോട്ട് നയിച്ചത് എന്ന് ഉറപ്പിച്ചു പറയാം. തന്നെ ഹൃദയപൂര്‍വം സ്വീകരിച്ച കോഴിക്കോടിന് അതേ മാനസിക വികാരത്തോടെ സഹായങ്ങള്‍ ചെയ്യുകയായിരുന്നു ഡോ. ലളിത.
കേവലം ഒരു ഭിഷഗ്വരയുടെ റോള്‍ മാത്രമായിരുന്നില്ല ഡോ. ലളിതക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. അവര്‍ കോഴിക്കോടിന്റെ ഹൃദയത്തെയും സ്‌നേഹം കൊണ്ട് ശുശ്രൂഷിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് മലബാര്‍ ആസ്പത്രിയില്‍ സൗജന്യനിരക്കില്‍ ആയിരുന്നു ചികിത്സ. കാന്‍സര്‍, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നു. പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ഡോ. പി.എ ലളിത പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി എത്താറുണ്ട്. ഇപ്പോള്‍ കോവിഡിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വേളയില്‍ അവരുടെ വിയോഗം കോഴിക്കോട്ടെ ജനങ്ങളെ ഏറെ വേദനിപ്പിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ കോഴിക്കോടിനെ അനാഥമാക്കിയാണ് സ്വന്തം ഡോക്ടര്‍ വിട പറഞ്ഞിരിക്കുന്നത്.
മരുന്നിനേക്കാള്‍ രോഗത്തെ നേരിടാന്‍ വേണ്ടത് മനക്കരുത്താണ് എന്ന് ഡോ. പി.എ ലളിത പറയുമായിരുന്നു. പത്ത് വര്‍ഷം മുമ്പ് കാന്‍സര്‍ ആക്രമിച്ചപ്പോള്‍ അവര്‍ മനക്കരുത്ത് കൊണ്ടാണ് നേരിട്ടത്. പിന്നീട് കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് ആലോചിച്ചു. അങ്ങനെയാണ് കാന്‍സര്‍ ഫ്രീ കാലിക്കറ്റ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കുന്നത്. അതിപ്പോള്‍ കാന്‍സര്‍ രോഗികളുടെ അത്താണിയായി മാറിയിരിക്കുകയാണ്. ഏഞ്ചല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കും ഡോ.പി.എ ലളിത നേതൃത്വം നല്‍കുകയുണ്ടായി.
തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണുന്ന ആളായിരുന്നു ഡോ. പി.എ ലളിത. അതുതന്നെയായിരുന്നു അവരുടെ മാനേജ്‌മെന്റ് വൈദഗ്ധ്യം. സമൂഹത്തെ അടുത്തറിയാനുള്ള ശ്രമം അവരുടെ വാക്കുകളിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു.
ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, വനിതാവിഭാഗം ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അബലമന്ദിരം ഉപദേശകസമിതി ചെയര്‍ പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."