പൊലിസ് സംഘത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍
തൊടുപുഴ: ചാരായ റെയ്ഡിനെത്തിയ പൊലിസ് സംഘത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. മേരികുളം നിരപ്പേല്‍ക്കട പേഴത്തുംമൂട്ടില്‍ ജയിംസ് (സജി -46), ഭാര്യ ബിന്‍സി (42) എന്നിവരെയാണ് ഉപ്പുതറ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പകല്‍ മൂന്നു മണിയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് വേഷം മാറിയെത്തിയ പൊലിസ് വീടിന് പുറത്തുനിന്ന് രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്തു. തുടര്‍ന്ന് പരിശോധനയ്ക്കായി വീടിനുള്ളിലേക്കു കയറാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ബിന്‍സി വാതില്‍ക്കല്‍ തടഞ്ഞു. ഈ സമയം വീടിനുള്ളില്‍ കന്നാസിലും കുപ്പികളിലുമായി സൂക്ഷിച്ചിരുന്ന 20 ലിറ്ററോളം വാറ്റുചാരായം സജി ശുചിമുറിയില്‍ ഒഴുക്കിക്കളഞ്ഞു. ഇതു തടയുമ്പോള്‍ സജിയുമായി ബലപ്രയോഗം നടക്കുന്നതിനിടെ ബിന്‍സി വാക്കത്തിയുമായി പൊലിസിനെ ആക്രമിച്ചു. ആക്രമണത്തില്‍ തോമസ് ജോണ്‍, അനുമോന്‍ അയ്യപ്പന്‍, വി.എം ശ്രീജിത് എന്നിവര്‍ക്ക് പരുക്കേറ്റു.
തോമസ് ജോണിന്റെ മൂന്നു വിരലുകളിലെ മുറിവ് ആഴത്തിലുള്ളതാണ്. ഇദ്ദേഹത്തെ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേരും ഉപ്പുതറ സി.എച്ച്.സി.യില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് കൂടുതല്‍ പൊലിസെത്തി പ്രതികളെ അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."