പലസ്തീന്‍ ഒലീവെണ്ണയില്‍ ഒരു ഇഫ്താര്‍; ഭൂമിക്കും ശരീരത്തിനുമായി ഒരു പുസ്തകം
കൊച്ചി: പലസ്തീന്‍ കര്‍ഷകര്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഒലീവുപഴങ്ങളില്‍ നിന്നുണ്ടാക്കുന്ന ഒലീവെണ്ണ ലോകത്തിലെ ഏറ്റവും രാഷ്ട്രീയമുള്ള ഭക്ഷ്യവിഭവം എന്നാണ് അത് വിളിക്കപ്പെടുന്നത്.
പലസ്തീന്‍ ഒലിവെണ്ണയില്‍ പാകം ചെയ്ത വിഭവങ്ങളോടെ നഗരത്തില്‍ ഇന്നലെ നടന്ന ഇഫ്താര്‍ അങ്ങനെ പലസ്തീന്‍ കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി. പ്രശസ്ത ആര്‍ട്ടിസ്റ്റ് സി.എഫ് ജോണ്‍, അമേരിക്കക്കാരനായ കവിയും എഴുത്തുകാരനുമായ തോമസ് എച്ച്. പ്രുയിക്‌സ്മ എന്നിവരുടെ സംഭാഷണങ്ങളുടെ സമാഹാരമായ ബോഡി ആന്‍ഡ് എര്‍ത്ത് എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇഫ്താറിനു മുന്നോടിയായി നടന്നു. എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ കവി വി.ജി തമ്പിക്ക് ആദ്യകോപ്പി നല്‍കിയാണ് പലസ്തീന്‍ ഒലിവെണ്ണയുടെ പ്രചാരകരായ എലമെന്റ്‌സിന്റെ സഹോദരസ്ഥാപനം എലമെന്റ്‌സ് മീഡിയ ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. രചന കൊണ്ടും വര കൊണ്ടും ഒരു പോലെ സംവദിക്കുന്ന ഒരു പുസ്തകമാണ് ബോഡി ആന്‍ഡ് എര്‍ത്തെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. കാവ്യാത്മകമായ ഈ പുസ്തകം വായനക്കാരന് അവന്റെ ഉള്ളില്‍ സൃഷ്ടിക്കാവുന്ന സമാന്തര വായനകളുടേയും പുസ്തകങ്ങളുടേയും സാധ്യതകള്‍ തുറന്നിടുന്ന ഇത്തരത്തില്‍പ്പെട്ട ആദ്യപുസ്തകമാണെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
എം.പി. പ്രതീഷ് പുസ്തകത്തെ പരിചയപ്പെടുത്തി. കവികളായ കലാചന്ദ്രന്‍, വി.ടി ജയദേവന്‍, എലമെന്റസ് മീഡിയാ ഇനീഷ്യേറ്റിവ് എംഡി ടോമി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."