11ാം ഫ്രഞ്ച് ഓപണ്‍ ഉയര്‍ത്താന്‍ നദാല്‍; നദാല്‍- തീം ഫൈനല്‍
പാരിസ്: 11ാം ഫ്രഞ്ച് ഓപണ്‍ കിരീടത്തിനരികെ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാല്‍. നിലവിലെ ചാംപ്യനായ നദാല്‍ സെമി ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീന താരം യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയെ അനായാസം വീഴ്ത്തി. മറ്റൊരു സെമിയില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ സെചിനറ്റോയെ വീഴ്ത്തി ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തീമും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ഇന്ന് നടക്കുന്ന കാശപ്പോരില് നദാല്‍- തീമുമായി ഏറ്റുമുട്ടും.
കിരീടം നിലനിര്‍ത്തി റെക്കോര്‍ഡിലേക്ക് മറ്റൊരു ഫ്രഞ്ച് ഓപണ്‍ ചേര്‍ക്കാന്‍ ഒരുങ്ങിയിറങ്ങിയ നദാലിന് മുന്നില്‍ ഡെല്‍ പോട്രോയ്ക്ക് ഒരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് സെറ്റ് മാത്രം നീണ്ട പോര് 6-4, 6-1, 6-2 എന്ന സ്കോറിന് നദാല്‍ അനായാസം പിടിച്ചെടുത്തു.
ടൂര്‍ണമെന്റിലുടനീളം അട്ടിമറികള്‍ തീര്‍ത്ത് കുതിച്ചെത്തിയ ഇറ്റാലിയന്‍ താരം സെചിനറ്റോയുടെ മുന്നേറ്റം സെമിയില്‍ തീമിന് മുന്നില്‍ അവസാനിച്ചു. ഓസ്ട്രിയന്‍ താരത്തെ വെള്ളം കുടിപ്പിച്ചാണ് സെചിനറ്റോയുടെ കീഴടങ്ങല്‍. സ്കോര്‍: 7-5, 7-6 (12-10), 6-1.
ലോക നാലാം നമ്പര്‍ താരമായ തീമിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ പ്രവേശമാണിത്. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍, സെമി പ്രവേശവും തീം ഇത്തവണ ആഘോഷിച്ചു. യുവ താരത്തെ സംബന്ധിച്ച് ചരിത്രമെഴുതാനുള്ള ഒരു അപൂര്‍വ നിമിഷമാണ് മുന്നില്‍ കിട്ടിയിരിക്കുന്നത്.
ഫ്രഞ്ച് ഓപണിലെ പകരം വയ്ക്കാനാളില്ലാത്ത കരുത്തായി പടര്‍ന്നു നില്ക്കുന്ന നദാലിനെ അട്ടിമറിച്ച് കന്നി ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കാനുള്ള അസുലഭ നിമിഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."