സ്വാദിഖ് മുസ്‌ലിയാര്‍ ഇനി ദീപ്ത സ്മരണ
തച്ചമ്പാറ: നിലപാടുകളിലെ കര്‍ക്കശക്കാരനായ ആ സ്‌നേഹനിധി ഇനി ദീപ്ത സ്മരണ. പുല്ലിശ്ശീരിയുടെ സുഖ ദുഖങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഗുരുവര്യന്‍ ഇനിയില്ല. സമസ്ത സംസ്ഥാന ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ക്ക് മണ്ടേക്കരാട് ജുമാ മസ്ജിദിന്റെ ചാരെ മൈലാഞ്ചിക്കൊടിക്ക് കീഴില്‍ നിറജ്യോതിസായി അന്ത്യവിശ്രമം.
ബുധന്‍ രാത്രി എട്ട് മണിയോടെ ഉസ്താദിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. വാര്‍ദ്ധക്യ സഹജമായ അസ്വസ്തതകള്‍ ഉണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിത സമയത്തുള്ള ഉസ്താദിന്റെ വിയോഗം മണ്ണാര്‍ക്കാടിനെ കണ്ണീരിലാഴ്ത്തി.
കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ പാലിച്ചാണ് അന്ത്യാപചാര കര്‍മ്മങ്ങള്‍ നടന്നത്. പുല്ലിശ്ശീരിയിലെ സ്വഗൃഹത്തിലാണ് അന്ത്യദര്‍ശനത്തിന് വെച്ചത്.
കര്‍ശന നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും വളരെ വേണ്ടപ്പെട്ടവര്‍ക്കും മാത്രമാണ് മയ്യിത്ത് ദര്‍ശനം സാധ്യമായത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആദ്യ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നേരം പുലരുന്നത് വരെ തുടര്‍ച്ചയായ നമസ്‌കാരങ്ങള്‍ക്ക് സമസ്തയുടെ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കി.
സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍,അദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, അഡ്വ. എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ, ഹമീദ് ഫൈസി അമ്പലക്കടവ്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, , കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ലക്കിടി തങ്ങള്‍, കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, ഹബീബ് ഫൈസി തുടങ്ങിയ പ്രമുഖര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."