വിരിഞ്ഞിപ്പാടത്ത് കുളംനിര്‍മാണത്തില്‍ വന്‍ക്രമക്കേടെന്ന് ആരോപണം
പുതുനഗരം: കുളംനിര്‍മാണത്തിന്റെ പേരില്‍ പുതുനഗരം പഞ്ചായത്തില്‍ വന്‍ക്രമക്കേടെന്ന് ആരോപണം. നബാര്‍ഡിന്റെ ധനസഹായത്തോടെ വിരിഞ്ഞിപ്പാടത്ത് നിര്‍മാണത്തിലുളള കുളമാണ് പരാതിക്കിടയാക്കുന്നത്. നിര്‍മാണത്തിലെ പാളിച്ചയില്‍ കുളത്തിന്റെ സംരക്ഷണഭിത്തികള്‍ തകര്‍ന്നടിഞ്ഞു.
മണ്ണ് മാറ്റിയതില്‍ ഉള്‍പ്പെടെ അഴിമതിയാണെന്ന് നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി. പുതുനഗരം പഞ്ചായത്ത് എട്ടാംവാര്‍ഡിലെ വിരിഞ്ഞിപ്പാടം കാരാട്ടുകൊളുമ്പിലെ കുളം നവീകരണപ്രവൃത്തികളെക്കുറിച്ചാണ് ആക്ഷേപം.
സംരക്ഷണഭിത്തി കെട്ടുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകാനിരിക്കെ ഒരു വശത്തെ കരിങ്കല്‍കെട്ടുകള്‍ ഇടിഞ്ഞുവീണത് നിര്‍മാണത്തിലെ അപാകതയാണ് കാരണം. മണ്ണിന്റെ ഉറപ്പ് പരിശോധിക്കാതെ ഇരുപതടി ഉയരത്തില്‍ വെറുതെ കല്ലുകളടുക്കി ആവശ്യമായ കമ്പികള്‍ ഉപയോഗിക്കാതെ കോണ്‍ക്രീറ്റിങ് നടത്തി. നേരത്തെയും സമാനമായ രീതിയില്‍ കരിങ്കല്‍കെട്ടിന്റെ മറ്റൊരുഭാഗം തകര്‍ന്ന് വീണതായി പരിസരവാസികള്‍ പറഞ്ഞു.
മാത്രമല്ല റോഡ് വശത്ത് സംരക്ഷണഭിത്തി കെട്ടാതെ ചെങ്കുത്തായ പ്രതലത്തില്‍ കരിങ്കല്ലുകള്‍ നിരത്തി റോഡിന്റെ വീതി കുറച്ചു. ഇവിടെ രാത്രിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യത ഏറെയാണ്.
കുളത്തിലെ ചെളി നീക്കം ചെയ്യുന്നതിന്റെ പേരില്‍ വ്യാപകമായി മണ്ണ് ഖനനം ചെയ്ത് കടത്തിയെന്നും പരാതിയുണ്ട്. സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ വിജിലന്‍സിന് നല്‍കിയിരിക്കുന്ന പരാതി.
നബാര്‍ഡ് ധനസഹായത്തോടെ 35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുളംആഴംകൂട്ടല്‍ പദ്ധതി മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്. നിര്‍മാണപ്രവൃത്തികള്‍ നീരീക്ഷിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മണ്ണുപര്യവേക്ഷണ സംരക്ഷണ ഓഫീസര്‍ കണ്‍വീനറുമായ പഞ്ചായത്തുതല സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ നീരീക്ഷണസമിതിയെ നോക്കുകുത്തിയാക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞു. കുളം നവീകരണത്തെ കുറിച്ച് സമഗ്രമായി അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."