സ്വപ്നം; സഫലം
പാരിസ്: ഒടുവില്‍ നാലാം ഫൈനലില്‍ സിമോണെ ഹാലെപ് ആ സ്വപ്നം സാക്ഷാത്കരിച്ചു. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണെ ഹാലെപ് പിടിച്ചെടുത്തു. ഫ്രഞ്ച് ഓപണ്‍ വനിതാ ടെന്നീസ് പോരാട്ടത്തിന്റെ ഫൈനലില്‍ അമേരിക്കന്‍ താരം സ്ലൊവനെ സ്റ്റെഫന്‍സിനെ പൊരുതിക്കയറി കീഴടക്കിയാണ് ഹാലെപ് കന്നി ഗ്രാന്‍ഡ് സ്ലാം കിരീടത്തെ പുല്കിയത്.
കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം മോഹിച്ചാണ് അമേരിക്കന്‍ താരം സ്ലൊവനെ ഫൈനലിനെത്തിയത്. കഴിഞ്ഞ വര്‍ഷം യു.എസ് ഓപണ്‍ നേടി തന്റെ കന്നി ഗ്രാന്‍ഡ് സ്ലാമില്‍ സ്ലൊവനെ മുത്തമിട്ടിരുന്നു.
ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷമാണ് ഹാലെപ് തിരിച്ചടിച്ച് തുടരെ രണ്ട് സെറ്റുകള്‍ പിടിച്ചെടുത്ത് തന്റെ ഫൈനല്‍ തോല്‍വികള്‍ക്ക് പരിഹാരം കണ്ടത്. സ്കോര്‍: 3-6, 6-4, 6-1.
കരിയറിലെ മൂന്നാം ഫ്രഞ്ച് ഓപണ്‍ ഫൈനലിനാണ് ഹാലെപ് ഇന്നലെ ഇറങ്ങിയത്. 2014ല്‍ കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്ക് പ്രവേശിച്ചത് പാരിസില്‍ വച്ചായിരുന്നു.
അന്ന് പരാജയപ്പെട്ട് മടങ്ങിയ ഹാലെപ് പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞ് 2017ല്‍ വീണ്ടും ഫൈനലിലെത്തി.
പക്ഷേ അപ്പോഴും കിരീടം അകന്ന് നിന്നു. ഈ വര്‍ഷം ആസ്ത്രേലിയന്‍ ഓപണിന്റെ ഫൈനലിലും ഹാലെപ് കുതിച്ചെത്തിയെങ്കിലും അവിടെയും വിജയം കടാക്ഷിച്ചില്ല.
ഇത്തവണ കളിമണ്‍ കോര്‍ട്ടില്‍ വിജയം ഉറപ്പിച്ചായിരുന്നു ഹാലെപിന്റെ കുതിപ്പ്. ഫൈനലിലെ ആദ്യ സെറ്റ് മാറ്റി നിര്‍ത്തിയാല്‍ കുറ്റമറ്റ മുന്നേറ്റത്തോടെയാണ് താരത്തിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട പ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."