പേര് കൊയിന, പിന്‍കോഡ് 642106, ഇപ്പോള്‍ കൊവിഡിനു മരുന്നത്രേ!
മലയോര മേഖലയില്‍ തേയില തോട്ടങ്ങളോടു ചേര്‍ന്നു കാണപ്പെട്ടിരുന്ന ചെടിയാണ് കൊയിന അതവാ സിങ്കോണ. ഇതില്‍ നിന്ന് ഉദ്പാദിപ്പിക്കുന്നതാണ് കൊയിന ഗുളിക. 'കൊയിന ഗുളിക കഴിക്കൂ , മലേറിയ അകറ്റൂ ' എന്ന പ്രചാരണം കേരളത്തില്‍ ഏറെക്കാലം ഉണ്ടായിരുന്നു. സിങ്കോണയുടെ തൊലിയുടെ സത്തയായ ക്വിനൈന്‍ അടിസ്ഥാനമാക്കിയാണ് ആദ്യമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നിര്‍മ്മിച്ചത്. കോവിഡ് പ്രതിരോധത്തിനു അമേരിക്കയിലേക്കു ഇന്ത്യ കയറ്റുമതി ചെയ്യുന്നത് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികയാണ്. കോവിഡ് ചികിത്സയിലോ പ്രതിരോധത്തിലോ ഇതിന്റെ ഉപയോഗം ശാസ്ത്രീയമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. നിലവില്‍ മലേറിയക്കാണ് ഈ ഗുളിക ഉപയോഗിക്കുന്നത്. ലോകത്ത് എഴുപതു ശതമാനം ഗുളികയും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്.
കേരളം തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാല്‍പ്പാറയില്‍ കുറച്ചു മുമ്പ് വരെ സിങ്കോണ തോട്ടവും മലേറിയ ഗുളിക ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയും ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോഴും സിങ്കോണ എന്ന സ്ഥലപ്പേരും അവിടെ അതേപേരില്‍ ഒരു പോസ്റ്റോഫീസുമുണ്ട്. പിന്‍കോഡ് 642106. വാല്‍പ്പാറയില്‍ നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴിയിലാണ് പഴയ തോട്ടത്തിന്റെ ഭാഗമായി പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്.
ഡാര്‍ജിലിംഗിലും ഊട്ടിയിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിങ്കോണ പ്ലാന്റേഷനുകള്‍ ഉണ്ടായിരുന്നു. 1864 ല്‍ ചൈനീസ് തടവുകാരെ ഉപയോഗിച്ചാണ് നീലഗിരിയിലും മൂന്നാറിലും കൃഷി വ്യാപിപ്പിച്ചത്. ടിപ്പുവിന്റെ കാലത്ത് ക്വിനൈന്‍ ടോണിക് കുടിച്ച ബ്രിട്ടീഷ് സൈനികന് മലേറിയ ഭേദമായെന്നും ചരിത്രമുണ്ട്. 1944ല്‍ കൃത്രിമമായി ക്വിനൈന്‍ ഉല്‍പാദിപ്പിച്ചതോടെയാണ് ചെടിയുടെ പ്രാധാന്യം കുറഞ്ഞത്. ഡാര്‍ജിലിംഗില്‍ ഇന്നും 27,000 ഏക്കര്‍ തോട്ടമുണ്ട്. 200 ടണ്ണാണ് പ്രതിവര്‍ഷ ഉത്പാദനം. വില കിലോയ്ക്ക് 110 രൂപ.
തെക്കേ അമേരിക്കയിലെ പെറുവില്‍ നിന്നാണ് സിങ്കോണയുടെ വരവ്. ഈ ചെടിയുടെ തൊലിയില്‍ നിന്നുള്ള സത്ത് മലേറിയ മരുന്നാണെന്ന് ലോകത്തോടു പറഞ്ഞത് പെറു ജനതയായ ഇങ്കകളാണ്. ഇങ്കഭാഷയില്‍ സത്തിന് ക്വിനൈന്‍ എന്നാണ് പേര്. ഇത് ഈസ്റ്റിന്ത്യാ കമ്പനി വഴി ഇന്ത്യയിലെത്തിയപ്പോള്‍ ക്വിന്‍ എന്ന് ചുരുങ്ങി. ഇംഗ്ലീഷ് മരുന്നു നിര്‍മ്മാണ രീതിയില്‍ ക്വിന്‍ ശുദ്ധി ചെയ്യാന്‍ ക്ലോറിന്‍ ഉപയോഗിച്ചു തുടങ്ങിയതോടെ പേര് ക്ലോറോക്വിന്‍ ആയി. അതിശക്തമായ മരുന്നായതിനാല്‍ ശരീരത്തിലുണ്ടാകുന്ന പ്രതിപ്രവര്‍ത്തനത്തെ തടയാന്‍ മരുന്നിനെ നേര്‍പ്പിക്കേണ്ടി വന്നു. ഇതിനായി ഹൈഡ്രോക്‌സിന്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെ മരുന്നിന്റെ പേര് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന് പരിണമിച്ചു.
ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവായ കല്‍ക്കട്ട പ്രസിഡന്‍സി കോളേജിലെ പി.സി. റേ, എഴുന്നൂറു രൂപ മുതല്‍ മുടക്കി തുടങ്ങിയ ബംഗാള്‍ കെമിക്കല്‍സാണ് 1934 ല്‍ രാജ്യത്ത് ആദ്യമായി ഈ മരുന്ന് നിര്‍മ്മിച്ചത്. മലേറിയയ്ക്ക് ഏറ്റവും ഫലപ്രദമായ മരുന്നെന്ന നിലയില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഏറെ പ്രചാരവും കിട്ടി.സിങ്കോണ ചെടിയുടെ സത്തെടുത്ത് കുടിച്ച് ഡോ.സാമുവല്‍ ഹനിമാന്‍ സ്വയം നടത്തിയ പരീക്ഷണത്തില്‍ അദ്ദേഹത്തിനു മലേറിയ പിടിപെട്ടു. ഇതാണ് പിന്നീട് ഹോമിയോപ്പതി എന്ന ശാസ്ത്രശാഖയായി വികസിച്ചതെന്നതും ചരിത്രം.
ഇന്ത്യയില്‍ സിങ്കോണ സത്തില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ ഇപ്പോള്‍ മരുന്ന് ഉത്പാദനമില്ല. സിന്തറ്റിക് അസംസ്‌കൃത വസ്തുവില്‍ നിന്നുള്ള മരുന്നാണ് വിപണിയിലുള്ളത്. ചൈനയാണ് അസംസ്‌കൃത വസ്തുവിന്റെ ആഗോള കുത്തക കയ്യടക്കിയിരിക്കുന്നത്. ബംഗാള്‍ കെമിക്കല്‍സ് അസംസ്‌കൃതവസ്തു ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഗുളിക നിര്‍മ്മാണം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ നിറുത്തി.കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗുളിക നിര്‍മ്മാണം പുനരാരംഭിക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."