തെളി മലയാളത്തിന്റെ പ്രചാരകന്‍
1955ലെ അധ്യയന വര്‍ഷാരംഭം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ മലയാള വിഭാഗം മേധാവി പ്രൊഫ. കോന്നിയൂര്‍ മീനാക്ഷിയമ്മയുടെ കാബിനില്‍ ചെന്നു സുമുഖനായ ഒരു യുവാവ് ഒരാവശ്യമുന്നയിച്ചു: ''എനിക്കിവിടെ എം.എ മലയാളത്തിന് ഒരു സീറ്റ് വേണം''.
ആകെ പതിനഞ്ച് സീറ്റുകളാണ് അന്ന് എം.എയ്ക്കുണ്ടായിരുന്നത്. കേരളത്തില്‍ മറ്റെവിടെയും എം.എ മലയാളം ആരംഭിക്കാത്ത കാലം. മീനാക്ഷിയമ്മ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു. പത്താംതരം വരെ ഒന്നാം ഭാഷയായി പഠിച്ചതു സംസ്‌കൃതം. ഇന്റര്‍മീഡിയറ്റിന് ഹിന്ദി. ഡിഗ്രിയാകട്ടെ മലയാളവുമായി ഒരു ബന്ധവുമില്ലാത്ത ഫിസിക്‌സിലും. അതിനാല്‍ ഇവിടെ നിനക്ക് സീറ്റില്ലെന്നു മറുപടി പറയാന്‍ മീനാക്ഷിയമ്മയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ യുവാവ് ഇതേ ആവശ്യമുന്നയിച്ച് മീനാക്ഷിയമ്മയെ വീട്ടിലും ഡിപ്പാര്‍ട്ട്‌മെന്റിലും തൊട്ടടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കുക പതിവായി. ശല്യം സഹിക്കവയ്യാതായപ്പോള്‍ വകുപ്പുമേധാവി ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. ഒരു പ്രബന്ധം തയാറാക്കുക. അതില്‍ വിജയിക്കുകയാണെങ്കില്‍ സീറ്റ് തരാം. 'സാഹിത്യവും മാനസിക ഉന്നമനവും' എന്നതായിരുന്നു പ്രബന്ധ വിഷയം. യുവാവ് അതിനു തയാറായി. വിദ്യാര്‍ഥി എഴുതിയ പ്രബന്ധം ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു. അതു വായിച്ചയുടനെ ഒരു സീറ്റ് കൂടി വര്‍ധിപ്പിച്ച് ആ വിദ്യാര്‍ഥിയെക്കൂടി എം.എ യ്ക്കു ചേര്‍ത്തു. ആ ബാച്ചിലെ ഒന്നാം റാങ്കുകാരനായി പിന്നീട് ആ വിദ്യാര്‍ഥി.
മലയാള ഭാഷാ വ്യാകരണപണ്ഡിതനും സാഹിത്യ ചരിത്രകാരനും മികച്ച അധ്യാപകനുമായി പില്‍ക്കാലത്ത് അറിയപ്പെട്ട പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരായിരുന്നു ആ ഒന്നാം റാങ്കുകാരന്‍. പന്മന വ്യാപരിച്ച മേഖലകള്‍ വിപുലമാണ്. സാഹിത്യ നിരൂപണം, വിവര്‍ത്തനം, വ്യാഖ്യാനം, ബാലസാഹിത്യം, വ്യാകരണം, കാവ്യരചന, സാഹിത്യ ചരിത്രം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലായി 20ലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാല്‍ മലയാളവും മലയാളികളും, തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, ശുദ്ധ മലയാളം തുടങ്ങിയ കൃതികളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാള ഭാഷാ പഠിതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും കൈപ്പുസ്തകങ്ങളാണ് ഈ ഗ്രന്ഥങ്ങള്‍ എന്നു പറഞ്ഞാല്‍ അധികപ്പറ്റാവില്ല.
'സ്മൃതിരേഖകള്‍' എന്ന ആത്മകഥാപരമായ ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതി:
''സാഹിത്യനിരൂപണം, വ്യാഖ്യാനം, പരിഭാഷ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ ഞാന്‍ പല ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ഏറെയും എന്നെ ഓര്‍ക്കുന്നത് 'നല്ല മലയാള'ത്തിനുവേണ്ടി ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയ അധ്യാപകന്‍ എന്നാണ്. അതില്‍ എനിക്കു വലിയ സന്തോഷവും അഭിമാനവുമുണ്ട്. വിദൂരരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍പോലും വിവാഹത്തിന്റെയും ഗൃഹപ്രവേശത്തിന്റെയും മറ്റും ക്ഷണക്കത്ത് തയാറാക്കി ടെലിഫോണിലൂടെ അതു തിരുത്തിക്കൊടുക്കണമെന്ന് അപേക്ഷിക്കാറുണ്ട്.
ഒരസൗകര്യവും ഭാവിക്കാതെ അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നതും പ്രസ്താവിച്ചുകൊള്ളട്ടെ. എന്റെ ഭാഷാധ്യാപക ജീവിതത്തിന് ഇതില്‍പ്പരം ധന്യത എന്താണ്. എ.ആര്‍ രാജരാജവര്‍മയിലാരംഭിക്കുന്ന ഗുരുശിഷ്യ പരമ്പരപോലെ പ്രൗഢവും പ്രശസ്തവും വ്യാപകവുമായ മറ്റൊന്ന് കേരളത്തിലുണ്ടായിട്ടില്ല. ആ ശിഷ്യപ്രശിഷ്യപരമ്പരയിലെ ഒരു കണ്ണിയാണ് ഞാനെന്നതില്‍ വലിയ അഭിമാനമുണ്ട്. ഭാഷാശുദ്ധിഗ്രന്ഥങ്ങള്‍ എന്നു വിളിക്കാവുന്നവയാണ് ഞാനെഴുതിയ അഞ്ചു പുസ്തകങ്ങള്‍ . ഞാന്‍ ഏതാനും ദശകങ്ങളായി പത്രമാസികകളില്‍ ഭാഷാശുദ്ധിലേഖനങ്ങള്‍ എഴുതുന്നു. പത്തുവര്‍ഷം മുടങ്ങാതെ ഒരു മാസികയില്‍ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള ചോദ്യോത്തര പംക്തി നടത്തി. കുറെ വര്‍ഷംമുന്‍പ് അന്നത്തെ എട്ടാം ക്ലാസിലെ കേരള പാഠാവലിയില്‍ക്കണ്ട 132 തെറ്റുകളില്‍ 64 എണ്ണം തിരുത്തിക്കാണിച്ചുകൊണ്ട് മാതൃഭൂമി ദിനപത്രത്തില്‍ രണ്ടു ലേഖനമെഴുതി. ഗുപ്തന്‍ നായര്‍ സാര്‍, ലീലാവതി ടീച്ചര്‍ തുടങ്ങിയ പ്രമുഖരായ ഭാഷാധ്യാപകരുള്‍പ്പെടെ ധാരാളം ഭാഷാസ്‌നേഹികള്‍ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചുകൊണ്ട് പത്രത്തില്‍ നീണ്ട കത്തുകളെഴുതി. ഒടുവില്‍, സര്‍ക്കാരിന്റെ താന്തോന്നിത്തത്തെ വിമര്‍ശിച്ചുകൊണ്ടും എന്റെ ഭാഷാശുദ്ധീകരണശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും മാതൃഭൂമി ദിനപത്രം മുഖപ്രസംഗമെഴുതി.''
ആദ്യകാലത്ത് ചങ്ങമ്പുഴയുടെ കടുത്ത ആരാധകനായിരുന്നു പന്മന. അദ്ദേഹത്തെ അനുകരിച്ചു നിരവധി അനുരാഗ കവിതകളുമെഴുതി. ഇതെല്ലാം ചേര്‍ത്തു പുസ്തകമാക്കാന്‍ ഗുപ്തന്‍ നായര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ശിഷ്യരുടെ പ്രതികരണമോര്‍ത്തു സാഹസത്തിനു മുതിര്‍ന്നില്ല. കഥയും കവിതയുമൊക്കെ എഴുതാന്‍ നല്ല കഴിവുള്ള ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ല. ഭാഷാശുദ്ധിയുടെ മലയാളത്തിലെ അതോറിറ്റിയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിന്റെ വാക്യഘടനയ്‌ക്കൊപ്പിച്ചു മലയാളമെഴുതുന്നതിന് അദ്ദേഹം എതിരായിരുന്നു. പുതിയ ലിപി സമ്പ്രദായത്തിലെ പല അക്ഷരവൈകല്യങ്ങളും അദ്ദേഹത്തെ ഏറെ അസ്വസ്ഥപ്പെടുത്തി. മലയാളം മറന്നുപോകുന്ന മലയാളിയുടെ വര്‍ത്തമാനകാലാവസ്ഥ അദ്ദേഹത്തിലെ ഭാഷാസ്‌നേഹിയെ അലട്ടിയിരുന്ന വിഷയമാണ്.
എം.എ പൂര്‍ത്തിയാക്കിയ ശേഷമുള്ള രണ്ടു വര്‍ഷക്കാലം മലയാളം ലെക്‌സിക്കണില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് പന്മന. 1987ല്‍ യൂനിവേഴ്‌സിറ്റി കോളജിലെ മലയാള വിഭാഗം തലവനായിരിക്കെയാണ് അധ്യാപനവൃത്തിയില്‍നിന്നു വിരമിച്ചത്. കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സര്‍വകലാശാലയുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണപിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധിസംശയപരിഹാരങ്ങള്‍, നല്ല ഭാഷ, പരിചയം (പ്രബന്ധ സമാഹാരം), നവയുഗശില്‍പി രാജരാജ വര്‍മ്മ, നളചരിതം ആട്ടക്കഥ (വ്യാഖ്യാനം), നൈഷധം (വ്യാഖ്യാനം), മലയവിലാസം (വ്യാഖ്യാനം), ആശ്ചര്യചൂഡാമണി (വിവര്‍ത്തനം), നാരായണീയം (വിവര്‍ത്തനം), മഴവില്ല്, ഊഞ്ഞാല്‍, പൂന്തേന്‍, ദീപശിഖാകാളിദാസന്‍, അപ്പൂപ്പനും കുട്ടികളും (ബാലസാഹിത്യം ) എന്നിവയാണു പ്രധാന കൃതികള്‍.നാരായണീയത്തിന്റെ വിവര്‍ത്തനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മലയാള ഭാഷാപ്രയോഗത്തില്‍ ഭാഷാധ്യാപകര്‍ പോലും വൈകല്യങ്ങള്‍ വരുത്തുന്ന വര്‍ത്തമാനകാലത്ത് പന്മന രാമചന്ദ്രന്‍ നായര്‍ എന്ന ഭാഷാശുദ്ധി കര്‍ക്കശവാദിയുടെ വിയോഗം മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നത് എന്നു തന്നെ പറയാം.
(ഫാറൂഖ് കോളജ് മലയാള വിഭാഗം മേധാവിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."