കനത്ത കാറ്റില്‍ തീരദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടം
കയ്പമംഗലം: ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ തീരദേശത്ത് വന്‍ നാശനഷ്ടം. നിരവധിയിടങ്ങളില്‍ മരങ്ങള്‍ വീണ് വീടിന് നാശനഷ്ടമുണ്ടായി. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീരദേശത്ത് കാറ്റ് ശക്തമായി വീശിയടിച്ചത്. ദേശിയപാത 17 കയ്പമംഗലം കാളമുറിയില്‍ പാതയോരത്തെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
ഇരിങ്ങാലക്കുട അനിശമനസേന, പെരിഞ്ഞനം ലൈഫ്ഗാര്‍ഡ്, ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്. ഇതു മൂലം രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചാമക്കാല രാജീവ് റോഡില്‍ തെങ്ങ് ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. ഏറംപുരയ്ക്കല് കൃഷ്ണന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂരിക്കുഴി പതിനെട്ടു മുറിയില്‍ ഐനി മരം കടപുഴകി വീണ് വീട് തകര്‍ന്നു. പണിക്കശ്ശേരി നൗഷാദിന്റെ വീടാണ് തകര്‍ന്നത്. കൂരിക്കുഴി ഗ്രാമ ലക്ഷ്മിയില്‍ മരം കടപുഴകി വീണ് ചേന്നംപുരയ്ക്കല് ശ്രീധരന്ന്റെ ഓലമേഞ്ഞ വീട് തകര്‍ന്നു. കൂരിക്കുഴി പതിനെട്ടു മുറിയില്‍ മുഹമ്മദ് അമീന്‍ന്റെ വാഴകൃഷി നശിച്ചു. മുപ്പതോളം കുലച്ച വാഴകളാണ് ഒടിഞ്ഞു വീണത്. പലയിടത്തും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണിട്ടുണ്ട്. മേഖലയില്‍ വൈദ്യുതിയും കേബിള്‍ ശൃംഖലയും തകരാറിലായിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ പെരിഞ്ഞനം പൊന്മാനിക്കുടത്ത് മരങ്ങള്‍ വീണ് വീടിന് നാശനഷ്ടം സംഭവിച്ചു. മാപ്പോലി കേളുവിന്റെ വാര്‍ക്ക വീടിന് മുകളിലാണ് മരം കടപുഴകി വീണത്. മുറ്റത്തു വച്ചിരുന്ന രണ്ടു ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മതിലകം കൂളിമുട്ടത്ത് കാറ്റില്‍ മരം വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു.
കൂളിമുട്ടം ചോനിപറമ്പില് ശങ്കരന്, ശങ്കരന്റെ മകന് ഷാജി എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
ചുഴലിക്ക് സമാനമായ കാറ്റില്‍ പുരിയിടത്തിലെ ഈട്ടിമരം നടുകെ പിളര്‍ന്ന് അടുത്തുള്ള തെങ്ങില്‍ വീഴുകയും തുടര്‍ന്ന് രണ്ട് മരങ്ങളും വീടുകള്‍ക്ക് മേല്‍ പതിക്കുകയുമായിരുന്നു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി.എസ് രവീന്ദ്രന്, വാര്‍ഡ് മെമ്പര്‍ ഹസീന ഫത്താഹ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."