മാലിന്യപ്രശ്നം; മാവൂരില്‍ കെട്ടിടത്തില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു
മാവൂര്‍: വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച അഞ്ചു കെട്ടിടങ്ങള്‍ക്കെതിരേ പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടി. ഇന്നലെ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കെട്ടിടത്തില്‍നിന്നു താമസക്കാരെ ഒഴിപ്പിക്കാന്‍ നോട്ടിസ് നല്കി. രണ്ടു സ്ഥാപനങ്ങളില്‍നിന്ന് പിഴയും ഈടാക്കി. കുറ്റിക്കാട്ടൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഒരു ഹോട്ടലിനും പിഴ ചുമത്തിയിട്ടുണ്ട്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.കെ ഷറഫുദ്ദീന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. സെമീര്‍, ജീവനക്കാരായ എം. രബീഷ്, പി. ഷാജി, അബ്ദുല്‍ ഗനി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കുറ്റിക്കാട്ടൂരിലെ രണ്ടു കെട്ടിടങ്ങളില്‍നിന്നും വെള്ളിപറമ്പിലെ ഒരു കെട്ടിടത്തില്‍ നിന്നുമാണ് ഒരാഴ്ചയ്ക്കകം താമസക്കാരെ ഒഴിപ്പിക്കുന്നതിന് നോട്ടിസ് നല്‍കിയത്. താമസിക്കുന്ന മുറികളില്‍ സൗകര്യമില്ലാത്തതും രൂക്ഷമായ മാലിന്യപ്രശ്നം നിലനില്ക്കുന്നതുമാണ് നടപടിക്കു കാരണം.
പുവ്വാട്ടുപറമ്പിലെയും കുറ്റിക്കാട്ടൂരിലെയും ഓരോ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. പുവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍, വെള്ളിപറമ്പ് എന്നിവിടങ്ങളിലാണു കഴിഞ്ഞദിവസം പരിശോധന നടത്തിയത്. വരുംദിനങ്ങളിലും പരിശോധന തുടരും. കഴിഞ്ഞവര്‍ഷം പരിശോധനയെ തുടര്‍ന്ന് 54 മുറികളില്‍നിന്നും താമസക്കാരെ ഒഴിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."