ചുഴലിക്കാറ്റിന്റെ ഭീതി വിട്ടൊഴിയാതെ ശ്രുതി
കോട്ടയം: മിനിറ്റുകള്‍ മാത്രം നീണ്ട ചുഴലിക്കാറ്റുണ്ടാക്കിയ ഭീതി ശ്രുതിക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. കാരാപ്പുഴ മാക്കീല്പാലം തെക്കേവാലയില്‍ വാടകവീട്ടിലെ വരാന്തയിലെ കസേരയില്‍ ഇരിക്കുകയായിരുന്നു ശ്രുതി.
ഇരമ്പലോടെ എത്തിയ ചുഴലിക്കാറ്റ് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ ഒന്നൊന്നായി തകര്‍ന്നു വീണു. ഇത് കണ്ട് ഓടിമാറിയപ്പോള്‍ മുകളില്‍നിന്ന് പതിച്ച ഓടുവീണ് കസേര തകര്‍ന്നു. ഭയന്ന് വീടിന്റെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കണ്മുന്നില്നിന്ന് വലിയ കുടംപുളിയും മാവും വേരോടെ നിലംപൊത്തി. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിപ്രവേശനത്തിനായി കാത്തിരിക്കുന്ന ശ്രുതി കാര്യങ്ങള്‍ വിവരിക്കുമ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല്. ഓട്ടോഡ്രൈവറായ പിതാവ് ശശിയും മാതാവ് സുജയും ജോലിക്കായി പുറത്തു പോയിരിക്കുകയായിരുന്നു. സഹോദരന് അജിത്തും ശ്രുതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊടൂരാറിന്റെ കൈവഴിയായ തോട്ടില്‍ അജിത്ത് കുളിക്കാന്‍ പോയതിന് പിന്നാലെയാണ് കാറ്റെത്തിയത്. ശ്രുതിയുടെ നിലവിളി കേട്ട്് ഓടിയെത്തിയ അജിത് കണ്ടത് ഓടുകള്‍ താഴേക്ക് പതിച്ചതാണ്. അറയും നിരയുമുള്ള വീടിന്റെ തട്ടിന്റെ ബലം സുരക്ഷയൊരുക്കി. സുഹൃത്തുക്കളുടെ സഹായത്തോടെ കിട്ടിയ പടുതകള്‍ ഉപയോഗിച്ച് മേല്‍ക്കൂരയില്‍നിന്ന് താഴേക്ക് വെള്ളം പതിക്കാതിരിക്കാന്‍ താല്‍ക്കാലിക സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അയല്‍വാസിയുടെ വീട്ടിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ സഞ്ചാരയോഗ്യമായ വഴിയില്ലാത്തതും പ്രശ്നമാണ്. കാറ്റിനൊപ്പം നിലച്ച വൈദ്യുതി ബന്ധം വൈകിയും പുനഃസ്ഥാപിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."