HOME
DETAILS
MAL
കൊവിഡിന് മതവും ജാതിയുമില്ലെന്ന് പ്രധാനമന്ത്രി
backup
April 20 2020 | 02:04 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ ഒരു വിഭാഗത്തെ കുറ്റപ്പെടുത്തി രാജ്യത്ത് വിവാദങ്ങള്‍ നടക്കവേ, കൊവിഡ് പടരുന്നത് മതമോ മറ്റോ നോക്കിയല്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.
ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കൊവിഡ് വിവേചനമില്ലാതെ എല്ലാവരെയും ബാധിക്കുമെന്നും അതിനു മതമോ വര്‍ഗമോ നിറമോ ജാതിയോ ഭാഷയോ നോട്ടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ അവസരത്തിലും രാജ്യത്ത് ഐക്യവും സാഹോദര്യവും നിലനിര്‍ത്തുകയാണ് വേണ്ടതെന്നും മഹാമാരിക്കെതിരേ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ഉണര്‍ത്തി. പൊതുവായ കാര്യങ്ങളില്‍ ഒരുമിച്ചുനിന്ന ചരിത്രമാണ് രാജ്യത്തിനുള്ളതെന്നും അത് തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ മുസ്‌ലിംകളെ അധിക്ഷേപിച്ച ആശുപത്രി അധികൃതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് മുസ്‌ലിംകള്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് യു.പിയിലെ ഒരു ആശുപത്രി പരസ്യം ചെയ്തത് വിവാദമായിരുന്നു.
മീററ്റിലെ ഒരു സ്വകാര്യ കാന്‍സര്‍ ആശുപത്രിയായിരുന്നു ഇത്തരത്തില്‍ പരസ്യം ചെയ്തത്. മുസ്‌ലിംകളായ രോഗികളും അവരുടെ കൂടെവരുന്നവരും ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്നായിരുന്നു പരസ്യം. ഈ പരസ്യം ഒരു പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഹിന്ദു, ജൈന വിഭാഗങ്ങളിലെ ഉയര്‍ന്ന ജാതിക്കാര്‍ പിശുക്കന്‍മാരെന്ന് അവഹേളിച്ച ഈ പരസ്യത്തില്‍, അവര്‍ പ്രധാനമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്കു സംഭാവന നല്‍കണമെന്നും പരാമര്‍ശിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."