മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍: വി.എം സുധീരന്‍
തൃക്കരിപ്പൂര്‍: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. മുന്‍ ഡി.സി.സി പ്രസിഡന്റും സഹകാരിയുമായിരുന്ന കെ. വെളുത്തമ്പുവിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ സി.എച്ച് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന് ആഗ്രഹിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ജനാധിപത്യം പുലര്‍ന്നുവരേണ്ട പാര്‍ലിമെന്റിനെ പോലും പ്രസക്തിയില്ലാത്ത അവസ്ഥയിലാക്കി മാറ്റി.
ഭരണഘടനാ സ്ഥാപനങ്ങള്‍ ഭരണകൂടം വരുതിയിലാക്കിയാണ് കേന്ദ്രത്തിന്റെ വിളയാട്ടം. അതില്‍ ഒരു വ്യത്യാസമില്ലാത്തതാണ് സസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെന്ന് സുധീരന്‍ ആരോപിച്ചു.
അവകാശങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയാല്‍ തീവ്രവാദിയാക്കുകയാണ് പിണറായി വിജയന്‍. ദേശീയപാതാ പ്രശ്‌നവുമായി സമരം ചെയ്തവരെയും പൊലിസ് ഭികരതക്കെതിരേ സമരം ചെയ്തവരെയും പൊലിസ് പിടിച്ചുകൊണ്ടുപോയി അക്രമിക്കുകയും അക്രമം ഏറ്റുവാങ്ങിയവനെ തീവ്രവാദിയാക്കാനും ശ്രമിച്ചു.
പണ്ടുകാലത്ത് ഇഷ്ടമില്ലാത്തവരെ കമ്മ്യൂണിസ്റ്റായി ചിത്രീകരിക്കുന്ന ചില മാടമ്പിമാരും ജന്മിമാരുടെയും സ്വഭാവമാണ് തനിക്ക് ഇഷ്ടമില്ലാത്തവരെ പിണറായി വിജയന്‍ തീവ്രവാദിയാക്കി മാറ്റുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി ദേശീയ വര്‍കിങ് സെക്രട്ടറി അഡ്വ. എം.സി ജോസ്, കെ.പി.സി.സി സെക്രട്ടറി കെ. നിലകണ്ഠന്‍, അംഗങ്ങളായ കെ.വി ഗംഗാധരന്‍, കെ.കെ നാരയാണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഡി.സി.സി ഭാരവാഹികളായ കെ.കെ രാജേന്ദ്രന്‍ പി.കെ ഫൈസല്‍, കെ. ഗോവിന്ദന്‍ നായര്‍, പി.ജി ദേവ്, കെ.പി പ്രകാശന്‍, ബാലകൃഷ്ണന്‍ പെരിയ, സെബാസ്റ്റ്യന്‍ പതാലില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."