നിപാ: ആശങ്ക നീങ്ങിയെന്ന് മന്ത്രി
കോഴിക്കോട്: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക നീങ്ങിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സര്‍വകക്ഷി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. അതീവ ജാഗ്രതാ നിര്‍ദേശങ്ങളില്‍ ഇളവുവരുത്തിയിട്ടുണ്ട്. കൂട്ടായ്മകള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍, ജൂണ്‍ അവസാനം വരെ സ്വയം നിയന്ത്രണം പാലിക്കണം. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും 12ന് തന്നെ തുറക്കും. സ്കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് ശുചീകരണം ഉറപ്പാക്കണം. സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്ളവരെ പേടിക്കുകയോ അവരോട് സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല. അവരെ ഒറ്റപ്പെടുത്താന്‍ പാടില്ല. ജാഗ്രത ഉണ്ടായാല്‍ മതി. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തിയ 23 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കലക്ടറുടെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിപാ സെല്ലും കോള്‍ സെന്ററും 15 വരെ തുടരും. തുടര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ സെല്‍ പ്രവര്‍ത്തിക്കും. ജൂണ്‍ അവസാനം വരെ ഇത് തുടരും. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരും. ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. പോരായ്മകള്‍ പരിഹരിക്കും.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം മെച്ചപ്പെടുത്തും. നിലവിലുള്ള ചെസ്റ്റ് ഹോസ്പിറ്റല്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ് ആക്കുന്ന കാര്യം പരിശോധിക്കും. ചെസ്റ്റ് ആശുപത്രിക്ക് മെഡിക്കല്‍ കോളജിനകത്ത് വേറെ സൗകര്യം കണ്ടെത്തും. നിപാ ബാധിച്ച് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അജന്യയും ഉബീഷും സുഖംപ്രാപിച്ചിട്ടുണ്ട്. അജന്യയെ ഇന്നും ഉബീഷിനെ 14നും ഡിസ്ചാര്‍ജ് ചെയ്യും. ബാക്കി പരിശോധിച്ച 317 കേസുകളും നെഗറ്റീവാണ്. സമ്പര്‍ക്ക ലിസ്റ്റില്‍ 2,649 പേരാണ് ഉണ്ടായിരുന്നത്. നിരീക്ഷണ സമയപരിധി കഴിഞ്ഞതിനാല്‍ ഇവരില്‍ 1,219 പേരെ ഒഴിവാക്കി. ഇനി പട്ടികയില്‍ അവശേഷിക്കുന്നത് 1,430 പേരാണ്. 12ാം തിയതിയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."