കൊണ്ടോട്ടിയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു
കൊണ്ടോട്ടി: കനത്ത മഴയിലും കാറ്റിലും മരം കടപുഴകിവീണ് കൊണ്ടോട്ടി മേഖലയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതിത്തൂണുകള്‍ മുറിഞ്ഞു മിക്ക പ്രദേശങ്ങളും ഒരു ദിവസത്തോളം ഇരുട്ടിലായി. വാഴയൂര്‍ കോട്ടൂപാടം കടപ്പുറത്ത് പുറായ് സി.പി ഗണേശന്റെ ഓട് മേഞ്ഞ വീട് തകര്‍ന്നതോടെ കുടുംബം വീടൊഴിഞ്ഞു.
കൂലിപ്പണിക്കാരനായ ഗണേശനും ഭാര്യയും നാലു മക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെ വിവാഹം നടക്കാനിരിക്കേയാണ് ദുരിതം. പുതുക്കോട് കോയാലിക്കല്‍ നടുക്കണ്ടിയില്‍ പ്രജിതയുടെ വീടിനു മുകളില്‍ തെങ്ങ് വീണാണ് അപകടമുണ്ടായത്.
കാരാട് വടക്കും പാടത്ത് പൊറ്റമ്മല്‍ ജനാര്‍ദനന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയും ചുമരും തകര്‍ന്നു. പാറമ്മല്‍ രാധ, കാരാട് അലംപുറത്ത് തങ്ക, കാരാട് കെ.പി അപ്പുക്കുട്ടന് എന്നിവരുടെ വീടുകള്‍ക്ക് മുകളിലും മരംവീണു തകര്‍ന്നു.
വാഴയൂരില്‍ മദ്റസാ കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു. ചുമരും തകര്‍ന്നിട്ടുണ്ട്. പോയിപുളിക്കലില് ചോലക്കരമ്മല്‍ രാജേഷിന്റെ വീടിനു മുകളിലേക്കു മരംവീണ് മേല്‍ക്കൂര തകര്‍ന്നു. മുസ്ലിയാരങ്ങാടിയില്‍ പേര്‍ക്കുത്ത് അയ്യാടന്‍ മുഹമ്മദ് കുട്ടിയുടെ വീടിനു മുകളില്‍ തെങ്ങ് വീണാണ് അപകടം. വിളയില്‍ ചോലയില്‍ ആയിഷയുടെ വീടിനു മുകളില്‍ മരം വീണ് കോണ്‍ക്രീറ്റ് തകര്‍ന്നു. വീടിന്റെ ചുമരിലും വിള്ളല്‍ വീണിട്ടുണ്ട്. വിളയില്‍ മുണ്ടത്തടത്ത് ഹസ്നത്തിന്റെ വീടും മരം വീണ് ഭാഗമായി തകര്‍ന്നു. ചേവായൂര്‍ മുഹമ്മദ് കുട്ടിയുടെ വീടിന് മുകളില്‍ മരം വീണ് തകര്‍ന്നിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, പടുമരങ്ങള്‍ തുടങ്ങിയവ വ്യാപകമായി നിലംപൊത്തി. വാഴ, കപ്പ കൃഷികളും നശിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഡിവിഷനില്‍ മാത്രം എണ്‍പതിലധികം വൈദ്യുതിത്തൂണുകളാണ് നിലംപൊത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."