രാഷ്ട്രപതി ഭവന്‍ ജീവനക്കാരിയുടെ മരുമകള്‍ക്ക് കൊവിഡ്; സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ എസ്റ്റേറ്റിലെ ശുചീകരണ ജോലിക്കാരിയുടെ മരുമകള്‍ക്കു കൊവിഡ്- 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭവനിനുള്ളിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 125 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി.
ശുചീകരണ ജോലിക്കാരിക്കൊപ്പം രാഷ്ട്രപതി ഭവന്‍ എസ്റ്റേറ്റിലെ സ്റ്റാഫ് ക്വാര്‍ട്ടറിലാണ് മരുമകള്‍ താമസിക്കുന്നത്. അവരുടെ മാതാവ് ദിവസങ്ങള്‍ക്കു മുമ്പ് കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. അവരുടെ സംസ്‌കാരച്ചടങ്ങില്‍ ശുചീകരണ ജോലിക്കാരിയുള്‍പ്പടെ ബന്ധുക്കളെല്ലാം പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ജോലിക്കാരിയെയും മറ്റു ബന്ധുക്കളെയും പരിശോധനയ്ക്കു വിധേയമാക്കിയത്.
ജോലിക്കാരിയുടെയും മറ്റു ബന്ധുക്കളുടെയും ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും അവരുമായി ഇടപഴകാന്‍ സാധ്യതയുള്ള എല്ലാവരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. മന്ദിര്‍ മാര്‍ഗിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററിലേക്കാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്. അതോടൊപ്പം ക്വാര്‍ട്ടേഴ്‌സും പരിസരവും അണുവിമുക്തമാക്കി അവ സീല്‍ ചെയ്തു. അതില്‍ 25 ക്വാര്‍ട്ടേഴ്‌സ് പൂര്‍ണമായും അടച്ചു. ജീവനക്കാരിയുടെ മരുമകളുടെ മാതാവ് രാഷ്ട്രപതി ഭവന്‍ എസ്റ്റേറ്റിലെ താമസക്കാരിയല്ലായിരുന്നെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. മാതാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അവരെ മകള്‍ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."