പ്രളയ ഫണ്ട്: വിഷ്ണുപ്രസാദിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്
കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പില്‍ മുഖ്യപ്രതി വിഷ്ണുപ്രസാദ് നടത്തിയ 20 ലക്ഷം രൂപയുടെ അധിക തട്ടിപ്പു കൂടി വിജിലന്‍സ് കണ്ടെത്തി. വ്യാജ വൗച്ചര്‍ രേഖയുണ്ടാക്കിയാണ് വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്ക് 20 ലക്ഷം മാറ്റിയത്. ഇതോടെ സി.പി.എം നേതാക്കള്‍ കൂടി ഉള്‍പ്പെട്ട കേസില്‍ ഇതുവരെ 73 ലക്ഷം രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എം.എം അന്‍വര്‍ ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ബാങ്ക് അക്കൗണ്ടിലൂടെ ഏഴു ലക്ഷം രൂപ തട്ടിയ വിഷ്ണു ദുരിതബാധിതര്‍ക്കയച്ച പണം തിരിച്ചുപിടിച്ചും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കലക്ടറേറ്റിലെ നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ്.
ആദ്യഘട്ടത്തില്‍ ദുരിതാബാധിതര്‍ക്കു നല്‍കിയ അടിയന്തര സഹായം 10,000 രൂപയായിരുന്നു. ഇതില്‍ ചിലരെ നേരില്‍ വിളിച്ചു കൂടുതല്‍ തുകയ്ക്ക് അര്‍ഹതയുണ്ടെന്നും ആദ്യം ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഗുണഭോക്താക്കള്‍ പണവുമായെത്തിയത് വിഷ്ണുപ്രസാദിനടുത്താണ്. പണം കൈയില്‍ വാങ്ങി ജൂനിയര്‍ സൂപ്രണ്ടുമാര്‍ ഒപ്പിട്ട രശീതി തിരിച്ചുനല്‍കുകയായിരുന്നു. ഇത്തരത്തില്‍ 20 ലക്ഷത്തോളം രൂപ വിഷ്ണു തിരിച്ചുപിടിച്ചു സ്വന്തമാക്കിയെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."