HOME
DETAILS
MAL
ദീദി അയഞ്ഞു, കേന്ദ്രവുമായി സഹകരിക്കുമെന്ന് ബംഗാള്‍
backup
April 23 2020 | 02:04 AM
കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും സ്ഥിതിഗതികളും വിലയിരുത്താനായി സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ കേന്ദ്രസംഘം ബംഗാളില്‍ വന്നതിനെ ശക്തമായി എതിര്‍ത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഒടുവില്‍ പത്തിമടക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ഫോണില്‍ വിളിക്കുകയും ചെയ്തതോടെയാണിത്. ബംഗാള്‍ കേന്ദ്രവുമായി സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ സിന്‍ഹക്കയച്ച കത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസംഘവുമായി നിസ്സഹകരിക്കില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. കേന്ദ്രസംഘത്തിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്നും കേന്ദ്രത്തിന്റെ ഉത്തരവുകള്‍ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു.
നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രസംഘമെത്തിയത് ഫെഡറലിസത്തിന് നിരക്കാത്ത കാര്യമാണെന്നും അനഭിലഷണീയമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. കൊവിഡ് കൂടുതല്‍ ബാധിച്ച ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് അയക്കാതെ കേന്ദ്രസംഘത്തെ താരതമ്യേന ഹോട്ട് സ്‌പോട്ടുകള്‍ കുറവുള്ള ബംഗാളിലേക്കും മറ്റും അയച്ചതിനെ അവര്‍ ചോദ്യംചെയ്യുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൊവിഡിനോടല്ല, ചില സംസ്ഥാനങ്ങളോടാണ് പോരാടുന്നതെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രം കേന്ദ്രസംഘത്തെ അയച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അതിനു പിന്നാലെ കേന്ദ്രസംഘത്തെ താമസിച്ച ഹോട്ടലില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കാതിരുന്നതും പ്രശ്‌നമായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലമായിരുന്നു അതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.
അതേസമയം, അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ തൃണമൂലിന്റെ ഭരണം പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രസംഘത്തെ അയച്ചതെന്നും ആക്ഷേപമുണ്ട്. ഇതിനു മുന്‍പ് പൗരത്വ നിയമഭേദഗതി വിഷയത്തിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് ബംഗാള്‍.
കേന്ദ്രസംഘത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്നത് ശരിയല്ലെന്ന് ചീഫ് സെക്രട്ടറി രാജീവ സിന്‍ഹ പറഞ്ഞു. അവര്‍ നേരത്തെ അറിയിച്ച് വരാതിരുന്നതാണ് പ്രശ്‌നമായത്. സംഘം ഒരു സഹായവും ആവശ്യപ്പെട്ടിരുന്നുമില്ല. അവര്‍ കൊല്‍ക്കത്തയിലെ ബി.എസ്.എഫ് ഗസ്റ്റ് ഹൗസിലേക്കും സിലിഗുരിയിലെ എസ്.എസ്.ബി ഗസ്റ്റ് ഹൗസിലേക്കും സ്വമേധയാ പോവുകയാണുണ്ടായത്- അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കേന്ദ്രസംഘത്തിന് ഏറെ നേരം കാത്തിരിക്കേണ്ടിവന്നെന്നും എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള നിസ്സഹകരണം ഉണ്ടായില്ലെന്നും ബംഗാളിലെ സംഘത്തെ നയിക്കുന്ന പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ അപൂര്‍വ ചന്ദ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."