ഷറ്റോരി ഔട്ട്, വികുന ഇന്‍
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഡച്ചുകാരനായ പരിശീലകന്‍ എല്‍കോ ഷറ്റോരി പുറത്ത്. കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഷറ്റോരിയെ പുറത്താക്കിയ കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ ഷറ്റോരിയെ പുറത്താക്കാന്‍ ധാരണ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.
അതേ സമയം ഷറ്റോരിക്ക് പകരക്കാരനായി മോഹന്‍ ബഗാന്‍ പരിശീലകനായിരുന്ന കിബു വികുനയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ക്ലബ് വിട്ടു എന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെ ഷറ്റോരി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രഖ്യാപനം.
ഷറ്റോരിയുടെ ക്ലബിനായുള്ള സംഭാവനകള്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹത്തിനു മികച്ച ഭാവി ആശംസിക്കുന്നുവെന്നും ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു.
അതേസമയം, പാസിങ് ഗെയിം പരിശീലിപ്പിച്ച ഷറ്റോരിയെ പുറത്താക്കിയതിനെതിരേ ഫുട്‌ബോള്‍ പ്രേമികളുടെ ഭാഗത്തുനിന്ന് കനത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഷറ്റോരിക്ക് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നുവെങ്കിലും ഫലങ്ങള്‍ അത്ര നല്ലതായിരുന്നില്ല. പ്ലേ ഓഫിനു യോഗ്യത നേടാന്‍ കഴിയാത്തതും ഷറ്റോരിയെ പുറത്താക്കാനുള്ള കാരണമായി പറയുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയരക്ടറായി ചുമതലയേറ്റ കരോളിസ് സ്‌കിന്‍കിസാണ് വികുനയെ ടീമിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് വിവരം. നേരത്തെ, ജംഷഡ്പൂര്‍ എഫ്.സിയും വികുനയെ ടീമില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്‌കിന്‍കിസിന്റെ ഇടപെടല്‍ വികുനയെ ബ്ലാസ്റ്റേഴ്‌സില്‍ എത്തിക്കുകയായിരുന്നു. സീസണില്‍ ഏഴാമതായാണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. 18 മത്സരങ്ങളില്‍നിന്ന് 4 ജയവും 7 വീതം സമനിലയും തോല്‍വിയും സഹിതം 19 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. തുടര്‍ച്ചയായ പരുക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ തിരിച്ചടിയായത്.
സീസണ്‍ തുടങ്ങും മുന്‍പ് സന്ദേശ് ജിങ്കനു പരുക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മുംബൈ സിറ്റിയില്‍നിന്ന് ടീമിലെത്തിച്ച ജിയാനി സുയിവര്‍ലൂണും ജൈറോ റോഡ്രിഗസും പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സ് മുടന്തിയായിരുന്നു മുന്നേറിയത്. ഇതായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ പിറകോട്ടടിക്കാന്‍ പ്രധാന കാരണം. ലോക്ക് ഡൗണ്‍ തീര്‍ന്നാലുടന്‍ വികുന ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."