സ്പിംക്ലര്‍ കരാര്‍: കാനം കോടിയേരിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി ഡാറ്റാ കൈമാറ്റത്തിനുള്ള കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എല്‍.ഡി.എഫ് ഘടകക്ഷിയായ സി.പി.ഐക്ക് കടുത്ത അതൃപ്തി. ഇക്കാര്യം കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് അറിയിച്ചു. എ.കെ.ജി സെന്ററിലെത്തിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരില്‍ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച്ച.
മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ലെന്ന് കാനം കോടിയേരിയെ അറിയിച്ചു. നിയമനടപടികള്‍ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. ഇടപാട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സി.പി.ഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുക്കാന്‍ സി.പി.ഐ തയ്യാറായിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റാണെന്നാണ് സി.പി.ഐ നേതൃത്വത്തിനുള്ളിലെ വികാരം. വിവാദമുയര്‍ന്നതിനു ശേഷവും മന്ത്രിസഭ ഒന്നിലധികം തവണ കൂടിയിട്ടും അവിടെയോ നിയമവകുപ്പിനു മുന്നിലോ കരാര്‍ വരാത്തത് ഇടതുപക്ഷ നയത്തിനു വിരുദ്ധമാണെന്നാണ് സി.പി.ഐ കരുതുന്നത്. താനാണ് കരാര്‍ തീരുമാനിച്ചതെന്നും ഒപ്പിട്ടതെന്നും ഒരു ഉദ്യാഗസ്ഥന്‍ പരസ്യമായി പറയുന്നത് മന്ത്രിസഭയെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
നിയമവകുപ്പ് ഫയല്‍ കാണാത്ത കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും നിലപാടുകള്‍ പൊരുത്തപ്പെടുന്നില്ല. സാമ്പത്തിക ഇടപാടില്ലാത്തതിനാലാണ് നിയമവകുപ്പ് ഫയല്‍ കാണാതിരുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ സ്വന്തം നിലയില്‍ കരാറിലേര്‍പ്പെട്ടു എന്നാണ് ഐ.ടി സെക്രട്ടറി വെളിപ്പെടുത്തിയത്. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു എന്നും സി.പി.ഐ കരുതുന്നു.
കൊവിഡിന്റെ സാഹചര്യത്തില്‍ നേരത്തെ ചെയ്തിരുന്നതുപോലെ സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷമാവേണ്ടെന്നാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. സാഹചര്യം മാറിയ ശേഷമാകും ഇക്കാര്യത്തിലുള്ള നിലപാട് കടുപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."